'ജയേട്ടന്‍റെ പാട്ട് നിലയ്ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു; പ്രിയ പാട്ടുകാരന് യാത്രാമൊഴിയേകി മഞ്ജു മഞ്ജു വാര്യർ

ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ. വർഷങ്ങൾക്ക് ശേഷം 'എന്നും എപ്പോഴും' എന്ന സിനിമയിലെ 'മലർവാകക്കൊമ്പത്ത്'  അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി.

actress manju warrier pays homage to playback singer p jayachandran

കൊച്ചി: അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച്  നടി മഞ്ജു വാര്യർ. ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടുമെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദമാണ് പി ജയചന്ദ്രന്‍റെ ശബ്ദമെന്ന് മഞ്ജു പറഞ്ഞു.

തീയറ്ററിൽ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച്' എന്ന പാട്ട്.  എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോൾ എന്റെ കാതുകൾ ആ പാട്ടിന്‍റെ വഴിയേ പോയി. നിലാവുള്ള ആ രാത്രിയും, ആരുമില്ലാതെ ഒഴുകിനീങ്ങുന്ന കുട്ടവഞ്ചിയും, കൽപ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞു. ഓർമയിലെ ആദ്യത്തെ സിനിമാവിഷ്വൽ. എന്റെ കുട്ടിക്കാല ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്.

വളരെ വളരെ എന്ന ആവർത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല. അത്രയ്ക്കും അധികമാണ് ആ പാട്ട് എപ്പോൾ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും. ഇങ്ങനെ ഏതുതലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓർമകൾ തിരികെക്കൊടുത്തു ജയേട്ടൻ. ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ. വർഷങ്ങൾക്ക് ശേഷം 'എന്നും എപ്പോഴും' എന്ന സിനിമയിലെ 'മലർവാകക്കൊമ്പത്ത്'  അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനില്കുന്നതുകൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി.

Read More : ജയേട്ടൻ എനിക്ക് ജ്യേഷ്ഠൻ, അനിയനെപ്പോലെ ചേർത്തുപിടിക്കുമായിരുന്നു; മനമുരുകി മോഹൻലാൽ

 

Latest Videos
Follow Us:
Download App:
  • android
  • ios