'കൈ പാരലൈസ്ഡ് ആയി, സിനിമയൊക്കെ അവസാനിച്ചെന്ന് തോന്നി'; അനുശ്രീ
കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു അനുശ്രീയുടെ വെളിപ്പെടുത്തൽ.
മലയാളികളുടെ പ്രിയതാരമാണ് അനുശ്രീ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബിഗ് സ്ക്രീനിൽ തന്റേതായൊരിടം സ്വന്തമാക്കിയ നടി, ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ചത് മനോഹരമായ നിരവധി കഥാപാത്രങ്ങളാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന അനുശ്രീ, തന്റെ ശരീരത്തിൽ ഉണ്ടായ ചില മാറ്റങ്ങൾ കാരണം ഒരു മുറിക്കുള്ളിൽ മാസങ്ങളായി കഴിയേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ
ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ്. നടക്കുമ്പോൾ പെട്ടെന്ന് ഒരു കയ്യിൽ ബാലൻസ് ഇല്ലാതാകുന്നതു പോലെ തോന്നി. അപ്പോൾ അത് എന്താണ് എന്നൊന്നും നമുക്ക് മനസ്സിലായില്ല. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോയി. എക്സ് റേ ഒക്കെ എടുത്തെങ്കിലും കണ്ടു പിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. മൂന്നു നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളർന്നു വരുന്നു എന്ന് മനസിലായത്. അതിൽ നെർവ് കയറിച്ചുറ്റി കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കയ്യിൽ പൾസ് കിട്ടുന്നില്ലായിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്. പെട്ടെന്ന് സർജറി നടത്തി. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ അവസാനിച്ചു എന്നു തോന്നി.
ഇത് നാനിയുടെ കലക്കൻ 'ദസറ' - റിവ്യു
കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു അനുശ്രീയുടെ വെളിപ്പെടുത്തൽ. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്തപ്പന്‍ എന്ന കള്ളന്‍റെ രസകരമായ കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് സംവിധാനം.