'അവ കൊഴന്ത മാതിരി, അന്നേക്ക് നാൻ പോയിരിന്താ സിൽക്ക് ഇപ്പോതും ഇരുന്തിരിപ്പേ'; നടി അനുരാധ പറയുന്നു
സിൽക്ക് സ്മിത മരിക്കുന്ന ദിവസം രാത്രി തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് ആ സമയം പോകാൻ സാധിച്ചില്ലെന്നും അനുരാധ പറയുന്നു.
ജീവിച്ചിരുന്നപ്പോൾ സിനിമയുടെ അവിഭാജ്യഘടകമായിരുന്നിട്ടും വേണ്ടത്ര ആഘോഷിക്കപ്പെടാത്ത നടി ആയിരുന്നു സിൽക്ക് സ്മിത. എന്നാൽ മരണ ശേഷം അവരെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇന്നും പകരം വെയ്ക്കാനില്ലാത്ത സാന്നിധ്യമായ സിൽക്ക് വിട പറഞ്ഞിട്ട് സെപ്റ്റംബർ 23ന് ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയായി. ഇതോട് അനുബന്ധിച്ച് സ്മിതയുടെ അടുത്ത സുഹൃത്തും നടിയുമായ അനുരാധ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു.
സിൽക്ക് സ്മിത മരിക്കുന്ന ദിവസം രാത്രി തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് ആ സമയം പോകാൻ സാധിച്ചില്ലെന്നും അനുരാധ പറയുന്നു. ഒരുപക്ഷേ താനന്ന് പോയിരുന്നെങ്കിൽ സ്മിത ഇപ്പോഴും ഉണ്ടാകുമായിരുന്നുവെന്നും നടി പറഞ്ഞു. തമിഴ് യുട്യൂബ് ചാനലായ ഗലാട്ട മീഡിയയോട് ആയിരുന്നു അനുരാധയുടെ പ്രതികരണം.
"ജാഡ ഉള്ള ആളാണ് സിൽക്ക് എന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല. ചെറിയ കുട്ടികളെ പോലെയായിരുന്നു അവൾ. സിൽക്ക് മരിക്കുന്നതിന് മുൻപ് കുറേ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. അക്കാര്യങ്ങൾ ഒന്നും ഇതുവരെ ആരോടും എന്റെ മകളോട് പോലും പറഞ്ഞില്ല. എന്റെ കൂട്ടുകാരി എന്നെ വിശ്വസിച്ചാണ് ഓരോ കാര്യങ്ങളും പറഞ്ഞത്. അത് പൊതുവേദിയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് അവൾ ഇല്ലാത്ത സമയത്തും. അതെല്ലാം എനിക്കും സിൽക്കിനും മാത്രം അറിയാവുന്ന കാര്യങ്ങളാണ്. അവളുടെ അവസാനകാലത്തെല്ലാം നടന്ന പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം അറിയാം", എന്ന് അനുരാധ പറയുന്നു.
വൻ ഹൈപ്പ്, ചെലവാക്കിയത് 235 മുതൽ 350 കോടിയിലേറെ! കളക്ഷനിൽ വൻ തിരിച്ചടി, പരാജയ സിനിമകളിങ്ങനെ
"അവൾ മരിക്കുന്ന ദിവസം എന്നെ ഫോൺ വിളിച്ചിരുന്നു. ഒൻപത് ഒൻപതര സമയം ആയിരുന്നു അത്. വീട്ടിലേക്ക് വരാമോന്നാണ് ചോദിച്ചത്. എന്റെ ഭർത്താവ് ബാംഗ്ലൂരിൽ നിന്നും വരികയായിരുന്നു. കുട്ടികളെല്ലാം ഉറങ്ങി. അതുകൊണ്ട് നാളെ രാവിലെ വരാമെന്നാണ് അവളോട് പറഞ്ഞത്. വരമുടിയാതാ വരമുടിയാതാ എന്ന് കുറേ തവണ ചോദിച്ചു. എന്തോ പന്തികേട് തോന്നി ഞാൻ വരാമെന്നും ഏറ്റു. പക്ഷേ അവൾ തന്നെ വേണ്ടെന്ന് പറഞ്ഞു. രാവിലെ കുട്ടികളെ സ്കൂളിൽ വിടാൻ തയ്യാറാക്കുന്നതിനിടെ ആണ് ടിവിയിൽ ഫ്ലാഷ് കാണുന്നത്. സിൽക്ക് അന്തരിച്ചു എന്ന്. വലിയ ഷോക്കായിരുന്നു എനിക്കത്. അന്ന് രാത്രി ഞാൻ പോയിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. എപ്പോഴും അത് ഞാൻ ചിന്തിക്കാറുണ്ട്", എന്നും അനുരാധ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം