ഫീൽഡ് ഔട്ടായെന്ന് പറഞ്ഞവർ, ഷൂട്ട് കഴിഞ്ഞും 'സാറ' എനിക്കൊപ്പം ഉണ്ടായിരുന്നു; അനശ്വര രാജൻ
നെഗറ്റീവ് കമൻസിനെ പറ്റിയും അനശ്വര സംസാരിച്ചു.
മലയാള സിനിമയിലെ ചർച്ചാ വിഷയമിപ്പോൾ നേര് എന്ന സിനിമയാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ഗംഭീര അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. സമീപകാലത്തെ പരാജയങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ മോഹൻലാലിന്റെ പ്രകടനം പ്രേക്ഷകർ ഒന്നാകെ ഏറ്റെടുക്കുമ്പോൾ സാറ എന്ന കഥാപാത്രത്തിനും പ്രശംസാപ്രവാഹം ആണ്.
അനശ്വര രാജൻ ആയിരുന്നു ആ വേഷത്തിൽ എത്തിയത്. കരിയറിലെ ബെസ്റ്റ് പ്രകടനം ആണ് അനശ്വര നടത്തിയതെന്നാണ് ഏവരും ഒന്നടങ്കം പറഞ്ഞത്. ഇപ്പോഴിതാ സാറയെ കുറിച്ചും നേരിനെ പറ്റിയും സംസാരിക്കുക ആണ് അനശ്വര. ഒപ്പം തനിക്കെതിരെ വന്ന നെഗറ്റീവ് കമന്‍റുകളെ പറ്റിയും താരം സംസാരിച്ചു.
"സാറ എന്ന കഥാപാത്രം കാഴ്ചയില്ലാത്ത ആളാണ്. അതിജീവിത ആണ്. കുറേ എക്സ്ട്രാ എഫെർട്ട് എടുക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ അവസാനം നല്ല റിസൾട്ട് കിട്ടിയതിൽ ഒരുപാട് സന്തോഷം. സാറയുടെ ക്യാരക്ടറിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ളൊരു കാര്യം ആയിരുന്നു. പ്രത്യേകിച്ച് സിനിമയിലെ ഒരു മെയിൻ പോയിന്റ് ഷൂട്ട് ചെയ്ത സമയം. അതിന് ശേഷം അക്കാര്യം ആലോചിക്കുന്തോറും എനിക്കത് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. ഷൂട്ട് കഴിഞ്ഞ സമയത്തും ആ ഒരു പെൺകുട്ടിയെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. സെറ്റിൽ ഞാൻ പൊതുവിൽ സംസാരിക്കുമ്പോലെ ഒന്നും അവിടെ സംസാരിച്ചില്ല. അതുപക്ഷേ ക്യാരക്ടർ പിടിച്ചിരുന്നതൊന്നും അല്ല. അതായത് സിനിമ കഴിഞ്ഞപ്പോഴും സാറ എനിക്കൊപ്പം ഉണ്ടായിരുന്നു", എന്നാണ് അനശ്വര രാജൻ പറഞ്ഞത്.
മറക്കാനാകാത്ത 47 ദിവസങ്ങൾ, 18 വർഷത്തെ സിനിമാ കരിയറിൽ ഇതാദ്യം; ഹണി റോസ്
നെഗറ്റീവ് കമൻസിനെ പറ്റിയും അനശ്വര സംസാരിച്ചു. "അത്തരം കമന്റ്സുകൾ എന്നെ അത് ബാധിക്കാറുണ്ട്. വ്യക്തിപരമായി പറയുന്നതിനെക്കാൾ സിനിമയെ പറ്റി പറയുമ്പോൾ വളരെ അധികം ബാധിക്കും. ഫീൽഡ് ഔട്ടായെന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ചിലപ്പോൾ ഇനിയും അത്തരം കമന്റുകൾ വരുമായിരിക്കാം. പക്ഷേ നിലവിൽ ഞാൻ സന്തോഷവതിയാണ്. അത്രയും പരിശ്രമിച്ച സിനിമയ്ക്ക് അഭിനന്ദനങ്ങൾ കിട്ടുന്നു എന്നത് തന്നെ സന്തോഷമാണ്", എന്നാണ് അനശ്വര പറഞ്ഞത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനശ്വരയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..