അമല പോൾ ബോളിവുഡിലേക്ക്; ആദ്യ ചിത്രം 'കൈതി' ഹിന്ദി റീമേക്ക്
നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തും.
ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യൻ താരം അമല പോൾ. തമിഴ് സൂപ്പർ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്നാണ് ചിത്രത്തിന്റെ പേര്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. ദില്ലിയുടെ വേഷത്തിൽ എത്തുന്നതും അജയ് ദേവ്ഗൺ തന്നെയാണ്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തും.
ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ദൃശ്യം 2 ആണ് അജയ് ദേവഗണിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അക്ഷയ് ഖന്ന, തബു, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.
2019ൽ റിലീസ് ചെയ്ത കൈതി സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം, ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചിരുന്നു. കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു 'കൈതി'. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. 'ദളപതി 67'ന് ശേഷം മാത്രമേ 'കൈതി 2'ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്നാണ് കാര്‍ത്തി അറിയിച്ചിരിക്കുന്നത്.
ഷൈൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ അഭിനയമികവ്; കുമാരിലെ ‘നിഴലാടും..' ഗാനമെത്തി
അതേസമയം, ത്രില്ലർ ഗണത്തിൽപ്പെടുന്ന 'ടീച്ചര്‍' എന്ന ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തും. ക്രിസ്റ്റഫര്‍, ആടുജീവിതം, ദ്വിജ എന്നിവയാണ് അമലാ പോളിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.