ബോളിവുഡ് അടക്കി വാണ് മാർക്കോ; 250ലേറെ അധിക സ്ക്രീനുകളിൽ ഉണ്ണി മുകുന്ദൻ പടം
ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു.
ഹിന്ദിയിൽ വിജയക്കൊടി പാറിച്ച് ജൈത്രയാത്ര തുടർന്ന് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ മികച്ച കളക്ഷൻ തന്നെ ഇവിടെ നിന്നും നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കൂകൂട്ടൽ. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 1.24 കോടി രൂപയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡിൽ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോർഡിനെ മാർക്കോ (51+ ലക്ഷം) മറികടന്നു കഴിഞ്ഞുവെന്നാണ് വിവരം.
ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവിൽ 350 തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കൂടാതെ വരുൺ ധവാൻ നായകനായി എത്തിയ ബേബി ജോൺ എന്ന സിനിമയെ പിന്തള്ളി മാർക്കോ കൂടുതൽ സ്‌ക്രീനുകളിലേക്ക് തരംഗം സൃഷ്ട്ടിക്കുകയാണ്.
സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്.
ഉണ്ണി മുകുന്ദന് പുറമെ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..