'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍
ലോകേഷ് കനകരാജിനോട് നടി തൃഷ പറഞ്ഞതിന്റെ സൂചനകളിലെ ആവേശത്തിലാണ് ആരാധകര്‍.
ലിയോ വൻ വിജയമായിരിക്കുകയാണ്. ഹൈപ്പുകള്‍ തീര്‍ത്ത പ്രതീക്ഷകള്‍ ശരിവെച്ച ചിത്രം വിസ്‍മയിപ്പിക്കുന്ന കുതിപ്പാണ് നടത്തിയത്. ലിയോയില്‍ വിജയ്‍യുടെ നായികയായത് തൃഷയായിരുന്നു. ഇന്നലെ വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണ്. ഹൈസ്‍കൂള്‍ സുഹൃത്തിനെ കണ്ടുമുട്ടിയതു പോലെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിജയ്‍ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ വേഷമിടാനായത് എന്നും തൃഷ വ്യക്തമാക്കി.
വിജയ് പാര്‍ഥിപൻ എന്ന നായക കഥാപാത്രത്തെ ആയിരുന്നു ലിയോയില്‍ അവതരിപ്പിച്ചത്. പാര്‍ഥിപന്റെ ഭാര്യ സത്യയായിട്ടായിരുന്നു തൃഷ ചിത്രത്തില്‍ വേഷമിട്ടത്. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്ന് പ്രേക്ഷകര്‍ക്ക് തീര്‍ച്ചയുണ്ട്. ലിയോയിലേക്കാളും തൃഷയ്‍ക്ക് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പ്രകടനത്തിന് സാധ്യതയുള്ള ഒരു നായിക വേഷം നടിയുടെ ആരാധകര്‍ ആഗ്രഹിക്കുന്നുമുണ്ട്.
വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ വൻ ഹിറ്റായതിന്റെ ആവേശത്തിലാണ് ആരാധകര്‍. പൊന്നിയില്‍ സെല്‍വൻ എന്ന ഇതിഹാസ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ തമിഴകത്ത് വീണ്ടും മുൻനിരയിലേക്ക് എത്തിയ തൃഷ ലിയോയിലൂടെ ആ സ്ഥാനം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. തൃഷയെ നായികയായി നിരവധി തമിഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നതും. തൃഷ നായികയായി വേഷിട്ട ചിത്രം ദ റോഡ് അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക