2018 ഓരോ മലയാളികളുടെയും സിനിമ, എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി; മനംനിറഞ്ഞ് ടൊവിനോ
2018 ആണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് ഏവരും പറയുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ’. കേരളം കണ്ട മഹാപ്രളയം ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഓരോ കാണികളുടെയും കണ്ണുകൾ ഇറനണിഞ്ഞു. ഏറെ പ്രയാസകരമായ ഈ ദൗത്യം എറ്റെടുത്ത് ഗംഭീര വിഷ്വൽസും മേക്കിങ്ങും പ്രേക്ഷകന് സമ്മാനിച്ച സംവിധായകൻ ജൂഡ് ആന്റണിക്കും അണിയറ പ്രവർത്തകർക്കും എങ്ങും പ്രശംസാ പ്രവാഹമാണ്. 2018 ആണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് ഏവരും പറയുന്നത്. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ടൊവിനോ തോമസ്.
ടൊവിനോ തോമസിന്റെ വാക്കുകൾ ഇങ്ങനെ
നാട്ടിൽ ഇല്ലാത്തതിൽ ഏറ്റവും കൂടുതൽ ഞാൻ വിഷമിക്കുന്ന സമയമാണിത്. കാരണം 2018 എന്ന സിനിമ തിയറ്ററിലെത്തിയിട്ട് നൂറ് ശതമാനവും പോസിറ്റീവ് റിവ്യുകളുമായി മുന്നോട്ട് പോകുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടിൽ ഉണ്ടാകാൻ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോൾ, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമിരുന്ന് തിയറ്ററിൽ സിനിമ കാണാൻ പറ്റിയില്ല എന്നത് എന്നും നഷ്ട ബോധത്തോടെ ഓർക്കുന്ന ഒന്നായിരിക്കും. ഞാൻ ഇപ്പോൾ ഫിൻലാന്റിൽ ആണ്. രണ്ട് ദിവസത്തിൽ ഞാൻ നാട്ടിൽ എത്തും. നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണും. എല്ലാവർക്കും ഒരുപാട് നന്ദി. ഇത് എന്റെ മാത്രം സിനിമയല്ല. ഇതിൽ അഭിനയച്ചിരിക്കുന്നവരുടെയും അണിയറ പ്രവർത്തകരുടെയോ മാത്രം ചിത്രമല്ല 2018. ഓരോ മലയാളികളുടെയും ആണ്. ഓരോ മലയാളിക്കും അഭിമാനത്തോടെ കണ്ടിരിക്കാവുന്ന നോൺ മലയാളിസിനോട് കാണിക്കാൻ പറ്റിയൊരു സിനിമ. അതിന്റെ ഭാഗമാകാൻ പറ്റി എന്നത് വലിയ സന്തോഷമുള്ള കാര്യം. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. സിനിമ കാണുന്നവരോടും നന്ദിയുണ്ട്. ഇതൊരു വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട സിനിമയാണെന്ന് എനിക്ക് തോന്നി. അത് അങ്ങനെ തന്നെ സംഭവിച്ചു. ഒരുപാട് സന്തോഷം. എളുപ്പമുള്ളൊരു ഷൂട്ടിംഗ് ആയിരുന്നില്ല സിനിമയുടേത്. നല്ല കട്ടപ്പണിയുള്ള ഷൂട്ട് ആയിരുന്നു. അന്നുണ്ടായ ബുദ്ധിമുട്ടുകളൊക്കെ തൃണവത്കരിച്ച് കൊണ്ട് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരൻ എന്ന നിലയ്ക്ക് ഇതിനെക്കാൾ വലിയ അംഗീകാരങ്ങളോ അല്ലെങ്കിൽ മറ്റൊന്നുമോ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ സിനിമകൾ ആൾക്കാർക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ, പിന്നെ നമുക്ക് ഒന്നും വേണ്ട. 2018 മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതിന്റെതായ സമയത്ത് മറ്റ് ഭാഷക്കാർക്കും സിനിമ കാണാം. കേരളത്തിൽ അന്ന് ഉണ്ടായതെല്ലാം, മലയാളികൾ അന്ന് നേരിട്ടതെല്ലാം ഒരുമിച്ച് നിന്നതുമെല്ലാം എല്ലാവരും കാണുകയും ആസ്വദിക്കുകയും പ്രചോദനമാകുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു. ജൂഡ് ചേട്ടാ, ഇത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലം ആണ് ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത്. എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി. മലയാള സിനിമ കാണാൻ തിയറ്ററിൽ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ ഇപ്പോൾ. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകൾ വരുമ്പോൾ, തീർച്ചയായും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇത്. ഒരുപാട് സന്തോഷം.
'എന്റെ മമ്മൂക്ക.. നിങ്ങളിത് എന്ത് ഭാവിച്ചാ..'; പുത്തൻ ലുക്കിൽ മാസായി മമ്മൂട്ടി, വൈറൽ