Vikram Movie : സൂര്യക്ക് സ്വപ്ന സാഫല്യം; 'വിക്ര'മിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
പുറത്തിറങ്ങി രണ്ട് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ വിക്രം എത്തിയിരുന്നു.
കമൽഹാസൻ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi), ഫഹദ് ഫാസിൽ (Fahadh Faasil) എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വിക്രം' (Vikram). ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം
സിനിമാപ്രേമികൾക്ക് ഉത്സവമായി മാറിയിരിക്കുകയാണ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ സൂര്യയുടെ പ്രതിഫലത്തെ സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്.
കഥാപാത്രത്തിനു വേണ്ടി ഒരുപൈസ പോലും സൂര്യ പ്രതിഫലമായി വാങ്ങിയില്ല എന്നാണ് റിപ്പോർട്ടുകൾ. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഞ്ച് മിനിറ്റാണ് സൂര്യ വിക്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സമയം കൊണ്ട് തന്നെ സിനിമയെ വെറൊരു തലത്തിലെത്തിക്കാൻ സൂര്യക്ക് സാധിച്ചു. റോളക്സ് എന്ന കൊടും വില്ലനായാണ് സൂര്യ എത്തിയത്.
നേരത്തെ കമൽഹാസന് നന്ദി പറഞ്ഞ് സൂര്യ രംഗത്തെത്തിയിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ പറയുന്നു. സൂര്യക്ക് മറുപടിയുമായി തമ്പീ എന്ന് വിളിച്ച് കമല്‍ഹാസനും രംഗത്ത് എത്തിയിരുന്നു.
Vikram box office : ബോക്സ് ഓഫീസിൽ കമല്‍ഹാസന്‍റെ വേട്ട; രണ്ട് ദിവസത്തിൽ 100 കോടി തൊട്ട് 'വിക്രം'
അതേസമയം, ചിത്രം പുറത്തിറങ്ങി രണ്ട് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ വിക്രം എത്തിയിരുന്നു. ആദ്യ ദിനം മാത്രം 34 കോടി രൂപയാണ് വിക്രം സ്വന്തമാക്കിയത്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.