'എന്നുടെ പെരിയ അച്ചീവ്മെന്റ്': ഇന്നസെന്റിനൊപ്പം സെൽഫി എടുത്ത സൂര്യ
ഇന്നസെന്റിന് ആനുശോചനം അറിയിച്ചു കൊണ്ട് നിരവധി ട്വിറ്റർ ഹാൻഡിലുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
മലയാള സിനിമയുടെ അതുല്യകലാകാരൻ ഇന്നസെന്റിന്റെ വിയോഗ വേദനയിലാണ് കേരളക്കര മുഴുവൻ. കഴിഞ്ഞ ദിവസം മുതൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടൻ സൂര്യ ഇന്നസെന്റിനൊപ്പം സെൽഫി എടുത്തതിന്റെ പഴയൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. ഇവിടെ നിന്നുള്ളതാണ് വീഡിയോ. 'എന്നുടെ പെരിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെൽഫി എടുത്തത് താ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. സാറിനൊപ്പം സെൽഫി എടുത്തത് വലിയൊരു റെക്കോർഡായി കാണുകയാണ്', എന്നാണ് സൂര്യ വീഡിയോയിൽ പറയുന്നത്. ഇന്നസെന്റിന് ആനുശോചനം അറിയിച്ചു കൊണ്ട് നിരവധി ട്വിറ്റർ ഹാൻഡിലുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇന്നസെന്‍റിന്‍റെ പൊതുദര്‍ശനം കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്. മമ്മൂട്ടി ഒന്‍പത് മണിയോടെയും മോഹന്‍ലാല്‍ 10 മണിയോടെയും ഇവിടേക്ക് എത്തിച്ചേരുമെന്നാണ് വിവരം.
11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഇന്നലെ രാത്രിയാണ് 10.30യോടെയാണ് ഇന്നസെന്‍റ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.