മമ്മൂട്ടി കമ്പനിക്ക് ഇനി നായകൻ സുരേഷ് ഗോപി, കോരിത്തരിപ്പിക്കുന്നതെന്ന് നടൻ, വൻവിജയത്തിൽ ഇരട്ടി മധുരം
ഒറ്റക്കൊമ്പൻ ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയ ആവേശത്തിലും സന്തേഷത്തിലുമാണ് നടൻ കൂടിയായ സുരേഷ് ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ് അണികൾ പറയുന്നത്. തൃശ്ശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് "എണ്ണമൊന്നും പറയുന്നില്ല. പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. എന്നെ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്ത് ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം", എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 75079 വോട്ടുകളുടെ ഭൂരിപക്ഷം ആണ് തൃശൂരില്‍ നിന്നും സുരേഷ് ഗോപിക്ക് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കാണിത്.
അതേസമയം, മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്. കൂടാതെ ഇവരുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ്. കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്ക്വാഡ്, ടര്‍ബോ, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതിനോടകം നിര്‍മിച്ച മറ്റ് സിനിമകള്‍.
ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ ഒരുക്കിയത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..