'പാപ്പനല്ല' ഇനി 'മൂസാക്ക'യുടെ വരവ്; 'മേ ഹൂം മൂസ' സെപ്റ്റംബർ അവസാനം എത്തും
എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ഓഗസ്റ്റ് 1നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചത്.
പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണ് 'മേ ഹൂം മൂസ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സിഗരറ്റ് പുകച്ച് മാസ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ ഉള്ളത്. സുരേഷ് ഗോപി ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സുരേഷ് ഗോപിക്കും മേ ഹും മൂസ ടീമിനും ആശംസകളുമായി രംഗത്തെത്തുന്നത്. എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം ഓഗസ്റ്റ് 1നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചത്.
കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പാപ്പൻ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രമെന്ന നിലയിൽ 'മേ ഹും മൂസ'യുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണിപ്പോൾ.
മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്.
കൊമ്പന്‍ മീശ വച്ച് പൊന്നാനിക്കാരന്‍ മൂസ; ലോക്കേഷന്‍ സ്റ്റില്‍സ് കാണാം
പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങൾ - റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ', വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, പി ആർ ഒ വാഴൂർ ജോസ്.