'ഞാൻ ദൃക്സാക്ഷി, അല്പത്തം കാട്ടിയ മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം'; കുറിപ്പുമായി നടൻ
രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രമാണെന്നും ശ്രീകാന്ത് മുരളി.
സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. സോഷ്യൽ മീഡിയയിൽ വന്നൊരു പോസ്റ്റിന് മറുപടി എന്നോണം ആണ് ശ്രീകാന്ത് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഈ സംഭവത്തിന് താൻ ദൃക്സാക്ഷി ആണെന്നും രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രമാണെന്നും ശ്രീകാന്ത് മുരളി പറഞ്ഞു.
"ഞാൻ ദൃക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് "ജി"യോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്."എം ടി" എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ "അല്പത്തം" കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം", എന്നായിരുന്നു ശ്രീകാന്ത് മുരളിയുടെ വാക്കുകൾ.
മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചിത്രം 'മനോരഥങ്ങളു'ടെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു ആസിഫ് അലിയെ അപമാനിച്ച സംഭവം നടന്നത്. ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയ രമേഷ് നാരായണിനെ അനുമോദിക്കാന്‍ ആസിഫ് അലിയെ ക്ഷണിച്ചു. എന്നാല്‍ ആസിഫ് പുരസ്കാരം നല്‍കിയത് ഇഷ്ടപെടാത്ത രമേഷ്,സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.
'ഹൃദയം കീഴടക്കിയ ചിത്രം'; ഉള്ളൊഴുക്കിനെ വാനോളം പുകഴ്ത്തി നസ്രിയ
ഇതിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. രമേഷ് നാരായണ്‍, അസിഫിനെ അപമാനിച്ചതാണെന്ന് ഇവര്‍ പറഞ്ഞു. പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെടുക ആയിരുന്നു. സംഭവം വിവാദം ആയതിന് പിന്നാലെ തന്‍റെ ഭാഗം വിശദീകരിച്ച് രമേഷ് നാരായണും രംഗത്ത് എത്തി. താന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നുമാണ് രമേഷ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..