കുട്ടിപ്പാട്ടാളത്തിനൊപ്പം ഡാൻസ് ചെയ്‍ത് ശ്രുതി രജനികാന്ത്, വീഡിയോ
നടി ശ്രുതി രജനികാന്ത് പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
'ചക്കപ്പഴ'ത്തിലെ 'പൈങ്കിളി; എന്ന കഥാപാത്രമായെത്തി മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്തയാളാണ് ശ്രുതി രജനികാന്ത്. തനി നാട്ടിൻ പുറത്തുകാരിയായ ശ്രുതി ഒരു അഭിനേത്രി മാത്രം അല്ല, മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ്. സിനിമാ - സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനികാന്തിന് വലിയ ബ്രേക്കാണ് പരമ്പരയിലൂടെ കൈവന്നത്. 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി.
പിഎച്ച്ഡിയുടെ ഭാഗമായി അടുത്തിടെ പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയെങ്കിലും തിരികെ വന്നിരുന്നു. പരമ്പരയിലെ തന്നെ കുട്ടിപട്ടാളത്തോടൊപ്പമുള്ള ഡാൻസാണ് ഇപ്പോൾ തരംഗമാകുന്നത്. ഷൂട്ടിംഗ് ഇടവേളയിലെ റീൽസ് വീഡിയോയും ചിത്രങ്ങളുമെല്ലാം ശ്രുതിയുടെ പേജിലെ പതിവ് കാഴ്‍ചയാണെങ്കിലും കുട്ടികളെയെല്ലാം ഒരുമിച്ചുള്ള വീഡിയോ ഇതാദ്യമാണ്. എല്ലാവരും മികച്ച നർത്തകർ കൂടിയാണെന്ന് വീഡിയോ തെളിയിക്കുന്നു. ലക്ഷ്‍മി ഉണ്ണികൃഷ്‍നും, സാധിക സുരേഷും, മാസ്റ്റർ ആര്യനുമാണ് ശ്രുതിക്കൊപ്പമുള്ളത്. 'ചക്കപ്പഴം' ആരാധകരെല്ലാം ഡാൻസിന് പിന്തുണയറിയിച്ച് എത്തി കഴിഞ്ഞു.
ശ്രുതി രജനികാന്ത് ഷെയര്‍ ചെയ്‍ത വീഡിയോ ഹിറ്റായിരിക്കുകയാണ്.
മോഡലിങിലൂടെയാണ് ശ്രുതിയുടെ തുടക്കം. പിന്നീട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആവുകയായിരുന്നു. ശരീര വണ്ണം കുറഞ്ഞു എന്ന ബോഡി ഷെയിമിങിനെ സ്ഥിരം നേരിടുന്ന ശ്രുതി അതിനെതിരെ പ്രതികരിച്ചിട്ടും ഉണ്ട്. അനൂപ് മേനോൻ ചിത്രം 'പത്മ'യിൽ ശ്രുതി അഭിനയിച്ചിട്ടുമുണ്ട്. കൂടാതെ ഏതാനും സിനിമകൾ കൂടി ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആലപ്പുഴയാണ് ശ്രുതിയുടെ സ്വദേശം. അച്ഛന്റെ പേര് രജനികാന്ത് എന്നായതിൽ ഒട്ടേറെ പേരുടെ ചോദ്യത്തിന് മറുപടി നൽകേണ്ടി വന്നിട്ടുണ്ടെന്നും ശ്രുതി നേരത്തെ പറഞ്ഞിട്ടുണ്ട്.