'അച്ഛനോട് കാണിച്ചത് ഇപ്പോൾ എന്നോടും', അമ്മ അംഗങ്ങൾക്കെതിരെ ഷമ്മി തിലകൻ; ഗണേഷിനെതിരെ രൂക്ഷ വിമർശനം
'വിനയന്റെ സിനിമയിൽ നിന്നും താൻ പിന്മാറാൻ കാരണം മുകേഷാണ്. മുകേഷ് തമാശ രൂപേണ ഭീഷണിപ്പെടുത്തി'
കൊച്ചി : കെ ബി ഗണേഷ് കുമാർ, മുകേഷ് അടക്കമുള്ള അമ്മ അംഗങ്ങൾക്കെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും രഷിസ്ട്രേഷൻ തട്ടിപ്പ് നടത്തിയെന്നും ഷമ്മി ആരോപിച്ചു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് നടൻ ഗണേശ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിച്ചു.
'ഗണേഷി്നറെ ബന്ധുവായ ഡി.വൈ.എസ്.പിയാണ് തനിക്കെതിരെ കള്ള കേസുകൾ എടുക്കുകയും കള്ളക്കഥ ഗണേഷിന് പറഞ്ഞ് കൊടുക്കുകയും ചെയ്തത്. അമ്മ മാഫിയാ സംഘമാണെന്ന് ഗണേഷ് കുമാർ തന്നെ പറഞ്ഞതാണ്. അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിൽ ഉള്ളവരെന്ന് പറഞ്ഞത് ഗണേഷ് കുമാറാണെന്നും അച്ഛൻ തിലകനോട് പണ്ട് 'അമ്മ' അംഗങ്ങൾ കാണിച്ചത് ഇപ്പോൾ എന്നോടും കാണിക്കുകയാണന്നും ഷമ്മി കുറ്റപ്പെടുത്തി.
അമ്മയുടെ നിയമാവലി അനുസരിച്ച് മറ്റ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നയാൾ അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ പാടില്ലന്നാണ്. ഗണേഷ് ഇത് പാലിച്ചിട്ടില്ല. ആത്മയുടെ ഭാരവാഹിയായ ഗണേഷ് അമ്മയുടെ നേതാവായി നിന്നു. അമ്മയിലെ അംഗങ്ങൾക്ക് കൈനീട്ടം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ്. അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്. പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. വിശദീകരണം തൃപ്തികരമല്ലാത്തതെന്തെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. കുറ്റാരോപിതനെ തന്നെ അവർ പ്രിസൈഡിംഗ് ഓഫീസറാക്കി. അയാൾക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് ചളിപ്പുണ്ടെന്നും ഷമ്മി തിലകൻ വിശദീകരിച്ചു. വിനയന്റെ സിനിമയിൽ നിന്നും താൻ പിന്മാറാൻ കാരണം മുകേഷാണ്. മുകേഷ് തമാശ രൂപേണ ഭീഷണിപ്പെടുത്തി'.
'അമ്മയുടെ മീറ്റിങ്ങിന്റെ വീഡിയോയും ഫോട്ടോയും ഞാനെടുത്തുവെന്നത് സത്യമാണ്. പക്ഷേ അത് എവിടെയും പുറത്ത് വിട്ടിട്ടില്ല. താൻ ഷൂട്ട് ചെയ്തെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്ത് പോയിട്ടില്ല. അത് താൻ പുറത്തുവിട്ടെന്ന് തെളിയിച്ചാൽ പകുതി മീശ വടിക്കാൻ ഞാൻ തയ്യാറാണെന്നും ഷമ്മി തിലകൻ വെല്ലുവിളിച്ചു. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്ന ഗുരുതര ആരോപണം ഉയർത്തിയ ഷമ്മി തിലകൻ, ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതായും പറഞ്ഞു. സ്റ്റേജ് ഷോക്ക് ടിവി സംപ്രേക്ഷണ അവകാശം 8 കോടിക്ക് നൽകിയിട്ട് കണക്കിൽ കാണിച്ചത് 2 കോടി ആണെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
അമ്മയുടെ രാജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. രജിസ്ട്രേഷനിൽ ക്രമക്കേടുണ്ട്. ആ പരാതി അട്ടിമറിക്കാൻ ഗണേഷ് കുമാറും ഒരു മന്ത്രിയും ശ്രമിച്ചു. മന്ത്രി ഏത് വകുപ്പിൻ്റേതെന്ന് പറയില്ല. തൽക്കാലം അത് പുറത്ത് വിടാനുദ്ദേശിക്കുന്നില്ല. പടം ഇല്ലാത്തതിന്റെ പേരിൽ കൈനീട്ടം കൊടുക്കകയാണെങ്കിൽ ആദ്യം കൈനീട്ടം കൊടുക്കേണ്ടത് അമ്മയുടെ ജനറൽ സെക്രട്ടറിക്കല്ലേ? അദ്ദേഹമാണ് സിനിമകൾ ഇല്ലാതെ കഴിയുന്നത്. അമ്മയുടെ കൈനീട്ടം പലർക്കും കള്ള് കുടിക്കാൻ വേണ്ടി നൽകുന്നതാണ്. അമ്മയിൽ ജാതീയ വിവേചനമുണ്ട്. ഇക്കാര്യം അമ്മയ്ക്ക് നൽകിയ അപ്പീലിൽ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ കളിക്കുന്നത് അമ്മയിലെ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നും ഷമ്മി തിലകൻ കുറ്റപ്പെടുത്തി.