വിജയം ആവർത്തിക്കുമോ ഷാരൂഖ് ? 'ഡങ്കി' രാജ്കുമാർ ഹിരാനിയുടെ മാസ്റ്റർപീസോ ? ആദ്യ റിവ്യു ഇങ്ങനെ
തപ്സിയുടെയും ഷാരൂഖിന്‍റെയും അഭിനയം മികച്ചു നിൽക്കുന്നുവെന്നാണ് പ്രേക്ഷകാഭിപ്രായം.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചുവരവ് ആയിരുന്നു പഠാൻ. ശേഷം എത്തിയ ജവാനും ബ്ലോക് ബസ്റ്റർ. ഇരുചിത്രങ്ങളും ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചു. ഈ രണ്ട് സൂപ്പർ ഹിറ്റുകൾക്ക് ശേഷം എത്തുന്നത് കൊണ്ട് തന്നെ 'ഡങ്കി'ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്നത്. ഒപ്പം ബോളിവുഡ് ഹിറ്റ് മേക്കർ രാജ്കുമാർ ഹിരാനിയുടെ സംവിധാനവും. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഡങ്കി ഇന്ന് തിയറ്ററിൽ എത്തി കഴിഞ്ഞു.
ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ മാസ്റ്റർ പീസ് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അതായത് പോസിറ്റീവ് റിവ്യുവാണ് ഭൂരിഭാഗവും. എന്നാലും നെഗറ്റീവ് റിവ്യുവും ചിത്രത്തിന് ലഭിക്കുന്നുണ്ട്. മൊത്തത്തിൽ സമ്മിശ്ര പ്രതികരണമാണ് ഷാരൂഖ് ഖാൻ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന പറയാം. തപ്സിയുടെയും ഷാരൂഖിന്‍റെയും അഭിനയം മികച്ചു നിൽക്കുന്നുവെന്നാണ് പ്രേക്ഷകാഭിപ്രായം.
"ഡങ്കി പ്രതീക്ഷകൾക്ക് അനുസൃതമായി മുന്നോട്ട് പോകുന്നു, നാടകം, വികാരങ്ങൾ, ഹാസ്യം, മനോഹരമായ ഗാനങ്ങൾ, ഷാരൂഖ്ഖാന്റെ കരിസ്മ എല്ലാം അതിമനോഹരം. ഇതാണ് രാജ്കുമാർ ഹിരാനിയുടെെ മികച്ച ചിത്രം, മറ്റാർക്കും ഷാരൂഖ് ഖാന്റെ താരപദവിക്കൊത്ത് ഉയരാനാകില്ല. ഷാരൂഖിന് തുല്യം ഷാരൂഖ് മാത്രം, രാജ്കുമാർ ഹിരാനിയുടെ മറ്റൊരു മികച്ച ചിത്രം, പഠാൻ, ജവാൻ എന്നിവയെക്കാൾ നൂറ് ശതമാനം മികച്ച ചിത്രമാണ്, ഇതൊരു ബ്ലോക്ക്ബസ്റ്റർ അല്ല, ഇതൊരു മെഗാ ബ്ലോക്ക്ബസ്റ്റർ മൂവിയാണ്, ഷാരൂഖ് ഖാന്റെ കഥാപാത്രം അക്ഷരാർത്ഥത്തിൽ നിങ്ങളുടെ മനസ്സിനെ കീഴടക്കും, വളരെ മികച്ചതാണ് കഥ, തീർച്ചയായും കാണേണ്ട സിനിമയാണിത്, ഷാരൂഖിന്റെ കോമഡി സീനുകൾ തിയറ്ററിൽ ചിരിയുണർത്തി", എന്നിങ്ങനെയാണ് പോസിറ്റീവ് റിവ്യൂകൾ.
"സിനിമ വളരെ മന്ദഗതിയിലാണ് പോകുന്നത്. ഏറ്റവും ദുർബലമായ ഹിരാനി ചിത്രമെന്ന് പറയാം. ഒരു സീരിയൽ നാടകം പോലെയാണ് ഷാരൂഖ് അഭിനയിച്ചത്. തപ്‌സി നന്നായി, യുക്തിരഹിതമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഒരു മോശം ഉള്ളടക്കമാണ് ഡങ്കി. രാജ്കുമാർ ഹിരാനി പരാജയപ്പെട്ടു. വലിയ നിരാശയാണിത്, ഈ വർഷത്തെ ഏറ്റവും മോശം ചിത്രം, രാജ് കുമാർ ഹിരാനി നിരാശപ്പെടുത്തി. പതിവ് ചാരുത ഇല്ലാത്ത ഷാരൂഖിന്റെ പ്രകടനം", എന്നിങ്ങനെ പോകുന്നു നെഗറ്റീവ് റിവ്യൂസ്.
അതേസമയം, തിയറ്ററിന് അകത്തും പുറത്തും ഷാരൂഖ് ഖാൻ ആരാധകരിൽ ആവേശം വാനോളമാണ്. വലിയ കട്ടൗട്ടുകൾ ഒരുക്കിയും ചെണ്ടക്കൊട്ടിയും നൃത്തം ചവിട്ടിയും ആണ് അവർ ഡങ്കിയെ വരവേറ്റിരിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് ഡങ്കിക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 41 മിനിറ്റുമാണ് ദൈർഘ്യം. നാലായിരത്തോളം സ്ക്രീനുകളിലാണ് ഡങ്കി പ്രദർശനത്തിന് എത്തിയിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
'ലിയോ'യെ മറികടക്കുമോ 'സലാർ'? ബോക്സ് ഓഫീസ് വെട്ടിപിടിക്കാൻ പ്രഭാസും പൃഥ്വിയും നാളെ മുതൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..