നടൻ ശരത് കുമാർ ആശുപത്രിയിൽ
ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.
ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്ന് നടനെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ ആരോഗ്യ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.
അതേസമയം, സാധാരണ ചെക്കപ്പിനായി ചെന്നൈയിലെ ആശുപത്രിയിലാണ് നടനെന്നും അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും നടന്റെ വക്താവ് വ്യക്തമാക്കി. ശരത്കുമാറിന്റെ പെട്ടെന്നുള്ള ആശുപത്രിവാസത്തിൽ ആരാധകർ അസ്വസ്ഥരാകുകയും നടൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് സോഷ്യൽ മീഡിയയിൽ ആശംസിക്കുകയും ചെയ്യുന്നു.
തമിഴിലും തെലുങ്കിലുമായി വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ശരത്കുമാർ അടുത്ത കാലത്തായി ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയിൽ യാത്രയിലായിരുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ 130ഓളം സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി എല്ലാ വേഷപ്പകര്‍ച്ചയിലും നിറഞ്ഞാടിയ ശരത് രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്.
അതേസമയം, വിജയ് നായകനായി എത്തുന്ന വരിശ് എന്ന ചിത്രത്തില്‍ ശരത് കുമാര്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം കൂടിയാണിത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് വരിശ്.
വിവാഹ വേദിയിൽ നിന്നും വലത് കാല്‍ വെച്ച് ഐഎഫ്എഫ്കെയിലേക്ക് !
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം കൂടിയാണിത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. പൊങ്കൽ റിലീസായി അജിത്ത് നായകനാകുന്ന തുനിവും എത്തുന്നുണ്ട്.