കേരള സ്ട്രൈക്കേഴ്‍സിനുള്ള പിന്തുണ 'അമ്മ' പിൻവലിച്ചതില്‍ ഔദ്യോഗിക കത്തുകളൊന്നും ലഭിച്ചിട്ടില്ല: രാജീവ് പിള്ള

സിസിഎല്ലിൽ മാത്രം കാണുന്ന മലയാള സിനിമ നടനാണെന്ന ട്രോളുകളിലും പ്രതികരണവുമായി രാജീവ് പിള്ള.

 

Actor Rajeev Pillai about Kerala strikers hrk

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്ട്രൈക്കേഴ്സിന്റെ സ്ഥിരതയുള്ള താരമാണ് രാജീവ് പിള്ള. സ്ട്രൈക്കേഴ്‍സിന്റെ തുടക്കകാലം മുതൽ മികച്ച പ്രകടനം കാഴ്‍ചവെച്ചിട്ടുള്ള താരം ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. പക്ഷേ രണ്ട് മത്സരവും സ്ട്രൈക്കേഴ്‍സ് പരാജയപ്പെട്ടു. പിന്നാലെ സ്ട്രൈക്കേഴ്സിനുള്ള പിന്തുണ പിൻവലിച്ചതായി താര സംഘടനായ 'അമ്മ' ജനറല്‍ സെക്രട്ടി ഇടവേള ബാബുവും വ്യക്തമാക്കി. മോഹൻലാലും പിൻമാറി. എന്നാൽ 'അമ്മ' പിന്തുണ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കത്തുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് കേരള സ്ട്രൈക്കേഴ്സിന്റെ പ്രമുഖ താരം കൂടിയായ രാജീവ് പിള്ള വ്യക്തമാക്കുന്നത്. അമ്മ' സംഘടനയും മോഹൻലാലും പിന്തുണ പിൻവലിച്ച വിവരം അറിഞ്ഞിട്ടില്ല. 'അമ്മ'യുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരറിയിപ്പ് വരാതെ ഇതിനെ കുറിച്ച് പ്രതികരിക്കാനാവില്ല എന്നാണ് രാജീവ് പിള്ള ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്.

കേരള സ്ട്രൈക്കേഴ്‍സ് 2012 മുതൽ സിസിഎല്ലിന്റെ ഭാഗമായിരുന്നു. അന്ന് ആളുകൾക്ക് സിസിഎൽ ഒരു കൗതുകമായിരുന്നു. 2013 ലും ലീഗ് വമ്പൻ ഹിറ്റായി. പക്ഷേ പിന്നീടങ്ങോട്ട് മത്സരത്തോടുള്ള കാണികളുടെ താൽപര്യം കുറഞ്ഞെന്ന് രാജീവ് വ്യക്തമാക്കി. 2018 മുതൽ കേരള താരങ്ങള്‍ സിസിഎല്ലിൽ ഉണ്ടായിരുന്നില്ല, പിന്നീട് പല കാരണങ്ങൾ കൊണ്ടും സിസിഎൽ നിർത്തിവെച്ചു. 2023 ലാണ് വീണ്ടും സിസിഎല്ലും കേരള സ്ട്രൈക്കേഴ്‍സും ആളുകളുടെ സംസാര വിഷയമായത്. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റതിൽ ആളുകൾക്ക് നിരാശയുണ്ടാകും. പക്ഷേ ഇതിലും വലിയ തോൽവികൾ കേരള ടീമിനുണ്ടായിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. 10 വർഷത്തിന് ശേഷമാണ് ആളുകൾ സിസിഎല്ലിനെ കുറച്ച് സംസാരിക്കുന്നതും കളി കാണുന്നതും. അതിനാൽ ആളുകളിൽ നിന്ന് വിമർശനം ഉണ്ടാകാമെന്നും താരം വ്യക്തമാക്കി.

കേരള സ്ട്രൈക്കേഴ്‍സിൽ കൃത്യതയാർന്ന പ്രകടനം കാഴ്‍ചവെക്കുന്ന താരമെന്ന നിലയിൽ രാജീവ് പിള്ളയ്ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ പേരിലല്ലാതെ താൻ അഭിനയിച്ച സിനിമകളുടെ പേരിൽ അറിയപ്പെടാനാണ് രാജീവ് ആഗ്രഹിക്കുന്നത്. സിസിഎൽ വരുമ്പോൾ മാത്രം ക്രിക്കറ്റ് കളിക്കുന്നയാളാണ് ഞാൻ. ഞാനൊരു നടൻ മാത്രമാണ്. കൂട്ടുകാർക്കൊപ്പം പാടത്ത് മാത്രം കളിച്ചിരുന്ന ആളായിരുന്നു. കണ്ടംകളിക്കാരനെന്ന് പൊതുവെ പറയും. ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിൽ പോയപ്പോഴാണ് നല്ലരീതിയിൽ ക്രിക്കറ്റ് കളിക്കാൻ പറ്റിയത്. എന്നെ ബന്ധപ്പെടുന്ന 90% ആളുകളും ക്രിക്കറ്റിനെ കുറിച്ചാണ് പറയുന്നത്. ഞാൻ ചെയ്‍ത സിനിമയെ കുറിച്ച് ആളുകൾ അഭിപ്രായം പറയണമെന്നാണ് എന്റെ ആഗ്രഹം- രാജീവ് പിള്ള പറയുന്നു.

സിസിഎല്ലിൽ മാത്രം കാണുന്ന മലയാള സിനിമ നടനാണ് രാജീവ് പിള്ള എന്ന തരത്തിൽ വരുന്ന ട്രോളുകൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രാജീവ് പിള്ള. മൂന്ന് വർഷമായി മലയാളത്തിൽ സിനിമ ചെയ്യാത്തതുകൊണ്ട് എന്നെയാരും കാണുന്നില്ലെന്നും സിസിഎല്ലിൽ മാത്രമാണ് കാണുന്നതെന്നും പറയുന്നവരെ കുറ്റം പറയുന്നില്ല. എനിക്ക് മലയാള സിനിമയിൽ ഞാൻ ആഗ്രഹിക്കുന്ന പോലുള്ള അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് സിനിമകൾ ചെയ്യാത്തത്. എങ്കിലും അന്യഭാഷാ സിനിമകളിൽ താൻ സജീവമാണെന്നും രാജീവ് പറഞ്ഞു.

Read More: അന്ന് യേശുദാസ് ക്ലാസിക്കൽ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള അവാർഡ് നേടിയ പി ജയചന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios