'14 വർഷം ഒരു സിനിമക്ക് വേണ്ടി മാറ്റിവച്ച ബ്ലെസി, അതിനെക്കാൾ വലിയ ത്യാഗമൊന്നും ഞാൻ ചെയ്തിട്ടില്ല'
കഴിഞ്ഞ നാല് വർഷക്കാലം ശാരീരിക മാറ്റത്തിനൊപ്പം പല സിനിമകളും നടനായും സംവിധായകനായും ഒഴിവാക്കേണ്ടി വന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്.
മലയാളികൾ ഒന്നടങ്കം വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്‍റെ ആടുജീവിതം സിനിമയാകുമ്പോൾ, നായകനായി എത്തുന്നത് പൃഥ്വിരാജ് ആണ്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ ഡെഡിക്കേഷനുകളും മേക്കോവറും നേരത്തെ തന്നെ വൻ ജനശ്രദ്ധനേടിയിരുന്നു. മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ നാല് വർഷക്കാലം ശാരീരിക മാറ്റത്തിനൊപ്പം പല സിനിമകളും നടനായും സംവിധായകനായും ഒഴിവാക്കേണ്ടി വന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാൽ സംവിധായകൻ ബ്ലെസിയുമായി താരതമ്യം ചെയ്യുമ്പോൾ തന്റേതൊരു ത്യാഗമേ അല്ലെന്നും പൃഥ്വിരാജ് പറയുന്നു. ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൃഥ്വിയുടെ പ്രതികരണം.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ കഴിഞ്ഞ കുറച്ച് വർഷത്തെ ജീവിതം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത് 'ആടുജീവിതം' കാരണമാണ്. ആടുജീവിതം വർഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാൻ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. എല്ലാവർഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങൾ മുൻപേ ഞാൻ താടി വളർത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും. എന്നോട് ആളുകൾ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ച് അഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാൻ കഴിയുള്ളു. 2018 മുതൽ കഴിഞ്ഞ നാല് വർഷമായി എല്ലാം പ്ലാൻ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകൾ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്. ഇത് പറയുമ്പോൾ ഞാൻ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാൽ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമയെ പറ്റി സംസാരിക്കുന്നത്. അതിന് ശേഷം അദ്ദേഹം കളിമണ്ണ് എന്ന സിനിമ മാത്രമാണ് ചെയ്തത്. ശ്വേതയുടെ പ്രഗ്നൻസി കാരണം ആ സമയത്തേ ചിത്രീകരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഏത് നടന്റെ അടുത്ത് പോയിട്ട് അദ്ദേഹം സിനിമ പറഞ്ഞാലും താല്പര്യപൂർവ്വം അവർ ഡേറ്റ് കൊടുക്കുകയും സിനിമ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വർഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതുവച്ച് താരതമ്യം ചെയ്യുമ്പോൾ എന്റെ ത്യാഗം ഒന്നുമല്ല.
'പുഷ്പ' കടുവയെ ഇറക്കി, 'മിന്നൽ മുരളി' സിംഹത്തെയും; ടൊവിനോയുടെ വീഡിയോ വൈറൽ
2018 ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു ആടുജീവിതം ചിത്രീകരണത്തിന്‍റെ തുടക്കം. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരണം നടന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങിയിരുന്നു.
ശേഷം 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം.