'ഓം, റൂമിലേക്ക് വാ'; 'ആദിപുരുഷ്' ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ സംവിധായകനോട് പ്രഭാസ്, വീഡിയോ
500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുൻപാണ് പ്രഭാസ് ചിത്രം 'ആദിപുരുഷി'ന്റെ ടീസർ പുറത്തിറങ്ങിയത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ പക്ഷേ നിരാശപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. വൻ തോതിലുള്ള ട്രോളിനാണ് ടീസർ കാരണമായിരിക്കുന്നത്. കാർട്ടൂൺ ലെവലിലുള്ള വിഎഫ്എക്സും ട്രോളുകൾക്ക് ഇടയാക്കി. ഈ അവസരത്തിൽ സംവിധായകനെ പ്രഭാസ് വിളിക്കുന്നൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വളരെ സീരിയസ് ആയി 'ഓം എന്‍റെ റൂമിലേക്ക് ഒന്ന് വരൂ' എന്നാണ് പ്രഭാസ് വീഡിയോയില്‍ പറയുന്നത്. ടീസര്‍ കണ്ട് കലിപ്പിലായ പ്രഭാസ് സംവിധായകനെ 'പഞ്ഞിക്കിടാന്‍' വിളിക്കുന്നതാണോ എന്നാണ് ഈ വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നത്.
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. ശ്രീരാമനായി പ്രഭാസ് എത്തിയപ്പോൾ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും വേഷമിട്ടു. അടുത്ത വർഷം ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അയോധ്യയില്‍ സരയൂ തീരത്തുവെച്ച് വിപുലമായ ചടങ്ങോടെയാണ് 'ആദിപുരുഷിന്റെ ടീസറും പോസ്റ്ററും റിലീസ് ചെയ്തത്. പിന്നാലെ വലിയ തോതിലുള്ള ട്രോളുകളാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പോഗോ ചാനലിനോ കാര്‍ട്ടൂണ്‍ നെറ്റ്‍വര്‍ക്കിനോ ഒക്കെയാവും ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശമെന്നാണ് ചിലർ പരിഹസിക്കുന്നത്. 500 കോടിയാണ് ആദിപുരുഷിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ട്.
'പോഗോ ചാനലിനാണോ സാറ്റലൈറ്റ് റൈറ്റ്'? ട്രോളില്‍ മുങ്ങി 'ആദിപുരുഷ്' ടീസര്‍