'പരിനീതി യെസ് പറഞ്ഞു', താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ ഛദ്ദയുമായാണ് പരിനീതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
ബോളിവുഡില്‍ വീണ്ടുമൊരു താര മാംഗല്യം. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ നടി പരീനീതി ചോപ്ര വിവാഹിതയാകുകയാണ്. പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ രാഘവ ഛദ്ദയാണ് പരിനീതിയുടെ വരൻ.
വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത പരിനീതി ചോപ്രയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഞാൻ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോകള്‍ പരിനീതി പങ്കുവെച്ചത്. എന്നായിരിക്കും ഇരുവരുടയും വിവാഹം എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നത്.
പരിനീതി ചോപ്രയുടയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയത്തിന് ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം രാഷ്ട്രീയ- സിനിമാ രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. മനീഷ് മല്‍ഹോത്രയാണ് ചോപ്രയുടെ ഡിസൈനര്‍. ദില്ലിയില്‍ ആയിരുന്നു വിവാഹ നിശ്ചയം.
'ലേഡീസ് വേഴ്സസ് റിക്കി ബാല'യിലൂടെയാണ് പരിനീതി ചോപ്ര ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. രണ്‍വീര്‍ സിംഗും അനുഷ്ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ 'ലേഡീസ് വേഴ്സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. 'നമസ്തേ ഇംഗ്ലണ്ട്', 'സന്ദീപ് ഓര് പിങ്കി ഫരാര്‍', 'ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിൻ', 'സൈന', 'ദാവത്ത് ഇ ഇഷ്ക്', 'കോഡ് നെയിം തിരംഗ' തുടങ്ങിയവയില്‍ വേഷമിട്ട പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്സൂള്‍ ഗില്‍' ചോപ്രയുടേതായി ചിത്രീകരിക്കുന്നുമുണ്ട്.
Read More: 'എനിക്ക് ഒരുപാട് വിങ്ങലുണ്ടാക്കി', '2018'നെ പ്രശംസിച്ച് ടിനി ടോം