'ഞാൻ കൊണ്ടുപോയി ചികിത്സിച്ചേനെ, ഹനീഫിക്ക മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് മമ്മൂക്ക പറഞ്ഞു'
കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നതെന്ന് മുകേഷ് പറയുന്നു.
മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. മിമിക്രി- നാടകവേദികളിൽ നിന്നു കടന്നുവന്ന കൊച്ചിൻ ഹനീഫയുടെ സിനിമാ അരങ്ങേറ്റം ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാള സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വിയോഗം ആയിരുന്നു പ്രിയ നടന്റെ വിയോഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും പല വേദികളിലും ഉയർന്ന് കേൾക്കുന്നുണ്ട്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നതെന്ന് മുകേഷ് പറയുന്നു. നടന്റെ വിയോഗം മമ്മൂട്ടിയെ ഏറെ തളർത്തിയിരുന്നുവെന്നും മുകേഷ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. ശത്രുക്കളില്ലാതെ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു കൊച്ചിൻ ഹനീഫ. എവിടെ ചെന്നാലും അവിടെ ഇഴുകി ചേരും. ചെറിയ തമാശക്ക് പോലും എത്രവേണമെങ്കിലും അദ്ദേഹം ചിരിക്കുമായിരുന്നു എന്നും മുകേഷ് പറയുന്നു.
"ഫനീഫിക്കയെ കുറിച്ച് പറയുമ്പോൾ കൂടെ പറയേണ്ട ഒരാളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്രമാത്രം സ്നേഹം മമ്മൂക്കക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി ഫനീഫിക്ക പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞത്. അവസാനം വരെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഹനീഫ ഇക്ക ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക അന്ന് കരഞ്ഞത്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു", എന്നാണ് മുകേഷ് പറയുന്നത്.