'ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചുതന്ന പ്രിയപ്പെട്ടവര്‍ക്ക്', 'സ്‍ഫടികം' മോഷൻ പോസ്റ്ററുമായി മോഹൻലാല്‍
മോഹൻലാല്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം 'സ്‍ഫടിക'ത്തിന്റെ മോഷൻ പോസ്റ്റര്‍.
നടൻ മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'സ്‍ഫടികം'. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാര്‍ച്ച് 30നാണ് 'സ്‍ഫിടികം' മലയാളികള്‍ക്ക് മുന്നിലെത്തിയത്. 'സ്‍ഫടികം' എന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍.
ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4Kപവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം 'ആടുതോമ'യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് 'സ്‍ഫടികം' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.അപ്പോൾ എങ്ങനാ എന്നുമാണ് മോഹൻലാല്‍ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. 'സ്‍ഫടികം' എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന വിവരവും മോഹൻലാല്‍ തന്നെയായിരുന്നു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
'സ്‍ഫടികം' ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19ന്റെ സാഹചര്യത്തില്‍ റീ റിലീസ് വൈകുകയായിരുന്നു. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണ്ണായക രംഗങ്ങള്‍ക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും പ്രത്യേകതയാണ്. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു.
'ആടു തോമ' എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ 'ചാക്കോ മാഷ്' എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.
Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന