'മിണ്ടാതെ ഉരിയാടാതെ ബുക്ക് ചെയ്തോ'; മണിച്ചിത്രത്താഴ് ടിക്കറ്റിന് വൻ ഡിമാന്റ്, അധിക ഷോകളുമായി തിയറ്ററുകൾ
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്.
സിനിമാ ലോകത്ത് ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ വിജയം സ്വന്തമാക്കിയ സിനിമകളും കാലാനുവർത്തിയായി നിൽക്കുന്നവയും പരാജയം നേരിട്ട സിനികളും ഇത്തരത്തിൽ റി റിലീസ് ചെയ്യപ്പെടുന്നുണ്ട്. പുത്തൻ സാങ്കേതിക മികവിൽ ഫോർകെ അറ്റ്മോസിലൂടെയാണ് സിനിമകൾ വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലും ഇതിനോടകം രണ്ട് സിനിമകൾ റി റിലീസ് ചെയ്തു കഴിഞ്ഞു. മോഹൻലാൽ നായകനായി എത്തിയ സ്ഫടികം, ദേവദൂതൻ എന്നിവയാണ് ആ ചിത്രങ്ങൾ. വീണ്ടുമൊരു മോഹൻലാൽ ചിത്രം നാളെ തിയറ്ററിൽ എത്തും.
ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത്, ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന മണിച്ചിത്രത്താഴ് ആണ് സിനിമ. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. ടെലിവിഷനുകളിൽ വരുമ്പോൾ ഇന്നും ഓരോ മലയാളികളും ആവർത്തിച്ചു കാണുന്ന സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്സിൽ അധിക ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് മറ്റ് ജില്ലകളിലെ തിയറ്ററുകളിലും ലഭ്യമായി കൊണ്ടിരിക്കുന്നത്.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പർ ഹിറ്റ് ചിത്രം പുത്തൻ ദൃശ്യമികവിൽ എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും. നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. മലയാളത്തിലെ റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ആയിരുന്നു മണിച്ചിത്രത്താഴ് എന്നാണ് വിലയിരുത്തലുകൾ. റി റിലീസിലൂടെ പുതിയ തലമുറയ്ക്ക് ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
'വല്ലാതെ ഡൗണാവുമ്പോൾ ആത്മീയത മുറുകെ പിടിക്കുന്ന ആളാണ് ഞാന്‍'; സൗഭാഗ്യ വെങ്കിടേഷ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..