'നരസിംഹ'ത്തിന്റെ വൻ വിജയം, ശേഷം ഷാജി കൈലാസ് പൊന്നാക്കിയ ചിത്രം; 'അറക്കൽ മാധവനുണ്ണി' വീണ്ടും എത്തുമ്പോൾ..
2000ൽ റിലീസ് ചെയ്ത് കേരളക്കരയിൽ ആകെ ഓളം സൃഷ്ടിച്ച ചിത്രമാണ് വല്യേട്ടൻ.
ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് കാലങ്ങൾ എത്ര കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ അങ്ങനെ തന്നെ നിലനിൽക്കും. അത്തരത്തിലൊരു വേഷമാണ് 'അറക്കൽ മാധവനുണ്ണി'. മമ്മൂട്ടിയുടെ കരിയറിലെ മാസ് വേഷങ്ങളിൽ ഒന്നായ ഈ കഥാപാത്രം വല്യേട്ടൻ എന്ന ചിത്രത്തിലേത് ആണ്. സഹോദര ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റിലീസ് സംബന്ധിച്ച് ഒഫിഷ്യല്‍ ആയ അറിയിപ്പ് എത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചിത്രം പ്രദർശനത്തിനെത്തും.
ഷാജി കൈസ്- രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം പുത്തൻ ദൃശ്യമികവിന്റെ അകമ്പടിയോടെ തിയറ്റിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. ഈ ചിത്രം 4കെ ഡോൾബി അറ്റ്‍മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. 4കെ വിഷ്യൽ ട്രാൻസ്‍ഫര്‍ നടത്തിയിരിക്കുന്നത് യുഎസ്സിലാണ്.
2000ൽ റിലീസ് ചെയ്ത് കേരളക്കരയിൽ ആകെ ഓളം സൃഷ്ടിച്ച ചിത്രമാണ് വല്യേട്ടൻ. മോഹൻലാലിന്റെ നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഏത് പടം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഷാജി കൈലാസ്. ഏറെ നാളത്തെ ചർച്ചകൾക്കും ആശയങ്ങൾക്കും ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാമെന്ന് ഷാജി തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം, അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവരാണ് നിർമിച്ചത്. വീറും വാശിയും മാസ് ഡയലോഗുകളും കിടിലൻ ആക്ഷൻ രംഗങ്ങളും ഒക്കെയായി എത്തിയ ഈ ചിത്രം ഇന്നും കാലാനുവർത്തിയായി നില കൊള്ളുകയാണ്.