'ഡെയ് എന്നടാ പണ്ണി വെച്ചിറുക്കെ'; 'കിണ്ണം കാച്ചിയ' ഫൈറ്റുമായി ടർബോ ജോസ് ! വീഡിയോ പുറത്ത്
വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഒട്ടനവധി പ്രമോഷൻ മെറ്റീരിയലുകളും സ്റ്റിൽസുകളും പുറത്തുവരും. ഇവയിൽ നിന്നും ഏകദേശം ആ സിനിമ എന്താണ് പറയാൻ പോകുന്നതെന്ന് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ഇത്തരം അപ്ഡേറ്റുകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്. പ്രത്യേകിച്ച് സൂപ്പർതാര ചിത്രങ്ങളുടേത്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രത്തിലേതാണിത്.
ടർബോയിലെ ഫൈറ്റ് സീനിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയെയും രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാം. തന്നെ ആക്രമിക്കാൻ വരുന്നവരെ എതിർത്ത് തോൽപ്പിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. വിവിധ ട്വിറ്റർ പേജുകളിൽ വീഡിയോ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ വൈശാഖ് പങ്കുവച്ച ഫോട്ടോയും വൈറൽ ആയിരുന്നു. ചൈനക്കാരായ ഫൈറ്റേഴ്സിന് ഒപ്പമുള്ളതാണ് ഫോട്ടോ. ഇവരുടെ ഔദ്യോഗിക വേഷത്തിലാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. വൈശാഖ് തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നതും. ടർബോ എന്ന ഹാഷ്ടാഗ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ടർബോയ്ക്കായി കാത്തിരിക്കുന്നതിന്റെ പ്രേക്ഷകരുടെ ആവേശം പോസ്റ്റിന് താഴെ പ്രകടമാണ്.
'അനിയൻ കുട്ടൻമാരുടെ പൂണ്ട് വിളയാട്ടം കാണാം, ഇത് പൊളിക്കും, ടർബോ ഇറങ്ങി കഴിഞ്ഞാൽ. നിങ്ങൾ ചരിത്രത്തിൻറെ ഭാഗമാകും. കാത്തിരിക്കുന്നു മലയാളി പ്രേക്ഷകർ, ഇക്കയോട് മുട്ടാൻ ഈ പിള്ളേരൊന്നും പോരാ മോനെ, Turbo jose കിണ്ണം കാച്ചിയ അടിയാണല്ലോ പടത്തിൽ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഇവരെയൊക്കെ സ്ക്രീനിൽ വാപൊളിച്ചിരുന്ന് കണ്ടിട്ടുണ്ട്, എന്റെ വല്ല്യേട്ടനാണ് മമ്മൂക്ക: ജയറാം
മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ്.