പ്രതികാരത്തിന്റെ ഇന്നേവരെ കാണാത്ത കഥ; 'റോഷാക്ക്' വിജയകരമായ 10ാം ദിവസത്തിലേക്ക്
ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു.
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് 'റോഷാക്ക്'. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
റോഷാക്ക് വിജയകരമായ പത്താം ദിവസത്തിലേക്ക് എത്തി നിൽക്കുന്ന സന്തോഷമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചു കൊണ്ടുളള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഡാര്‍ക് ത്രില്ലര്‍ പശ്ചാത്തലമുള്ള ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയാണ്. രണ്ടാം വാരത്തിലും കളക്ഷനില്‍ കോട്ടം തട്ടാതെ റോഷാക്ക് മുന്നേറുന്നു എന്ന വിവരമാണ് പുറത്തുവന്നത്. ഫോറം കേരളത്തിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്നലെ കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷന്‍ 92 ലക്ഷം ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട്,പൊന്നിയിന്‍ സെല്‍വന്‍, തല്ലുമാല തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയാണ് റോഷാക്ക് മറികടന്നിരിക്കുന്നതെന്നാണ് വിവരം.
'ഒറ്റക്ക് അടിച്ച് തന്നെടാ ഇവിടം വരെ എത്തിയത്'; മാസും ആക്ഷനും നിറച്ച് 'കാപ്പ' ടീസർ
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.