'വർഷങ്ങളായി മമ്മൂക്കയുടെ പതിവ്'; വീണ്ടും ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി, കൂടെക്കൂടി ഗൗതം മേനോനും
അണിയറ പ്രവർത്തകർക്ക് ഒപ്പമിരുന്ന് തന്നെ മമ്മൂട്ടിയും ആഹാരം കഴിക്കുന്നുണ്ട്.
മലയാളത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർന്നത് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. ഇന്നും വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ സിനിമാ ലൊക്കേഷനിൽ സ്ഥിരം കാണ്ടുവരുന്നൊരു കാര്യമുണ്ട്. ആരാധകർ പറയുന്നത് 'മമ്മൂക്കയുടെ സ്പെഷ്യൽ ബിരിയാണി', എന്നാണ്. അത്തരത്തിലൊരു വീഡിയോ വീണ്ടും എത്തിയിരിക്കുകയാണ്.
പുതിയ സിനിമയുടെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും ഉണ്ട്. വർഷങ്ങളായി മമ്മൂട്ടിയുടെ സെറ്റിൽ കണ്ട് വരുന്ന മനോഹരമായൊരു കാഴ്ചയാണിത്. തന്റെ സീൻ തീരുന്ന ദിവസമാണ് തന്റെ കൈ കൊണ്ട് ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി മമ്മൂട്ടി വിളമ്പുന്നതെന്നാണ് ആരാധകർ പറയുന്നത്. അണിയറ പ്രവർത്തകർക്ക് ഒപ്പമിരുന്ന് തന്നെ മമ്മൂട്ടിയും ആഹാരം കഴിക്കുന്നുണ്ട്. എന്തായാലും പുതിയ വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
നിലവില്‍ ബസൂക്ക എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ബസൂക്കയുടെ ടീസറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയും ഒരുങ്ങുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിന്‍റെ രചന. നയന്‍താര ആകും നായികയായി എത്തുക എന്നാണ് അനൗദ്യോഗിക വിവരം. ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..