Mammootty : 'അദ്ദേഹം ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല', സഞ്ചാരി വിജയ്‍യെ കുറിച്ച് മമ്മൂട്ടി

സഞ്ചാരി വിജയ്‍യുടെ സിനിമ റിലീസാകാനിരിക്കെയാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത് (Mammootty).

Actor Mammootty about Sanchari Vijay and his film Taledanda

ദേശിയ ചലച്ചിത്ര അവാര്‍ഡ് നേടിയ സഞ്ചാരി വിജയ് കഴിഞ്ഞ വര്‍ഷമായിരുന്നു മരിച്ചത്. ഒരു അപകടത്തെ തുടര്‍ന്നായിരുന്നു സഞ്ചാരി വിജയ്‍യുടെ മരണം. അകാലത്തിലുള്ള വിജയ്‍യുടെ മരണ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. സഞ്ചാരി വിജയ്‍യെ കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി (Mammootty).

സഞ്ചാരി വിജയ്‍യെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ അനുസ്‍മരിക്കുകയാണ്. അദ്ദേഹം ഇല്ലെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങള്‍ ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ചടങ്ങിലാണ് കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാൻ വിനയാന്വിതനായി. അദ്ദേഹത്തിന്റെ പുതിയ സിനിമ ഞാൻ കാണണമെന്നും എന്റെ അഭിപ്രായം കേള്‍ക്കണമെന്നും സഞ്ചാരി വിജയ് ആഗ്രഹിച്ചിരുന്നു. അത് അവസാനത്തേത് ആയിരിക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു?. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'തലേദണ്ഡ' തിയറ്ററുകളില്‍ കണ്ട് നമുക്ക് സഞ്ചാരി വിജയ്‍യെ ഓര്‍മിക്കാം.  അദ്ദേഹത്തിന്റെ പുതിയ സിനിമയെ  നമ്മള്‍ എത്രമാത്രം സ്‍നേഹിക്കുന്നുവെന്ന് അറിയാൻ സഞ്ചാരി വിജയ് ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി എഴുതുന്നു.  സഞ്ചാരി വിജയ്‍യുടെ സിനിമ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാനിരിക്കെയാണ്  'തലേദണ്ഡ' യുടെ പോസ്റ്ററും പങ്കുവെച്ച് മമ്മൂട്ടി കുറിപ്പ് എഴുതിയിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ്‍യുടെ (37) അപ്രതീക്ഷ മരണം 2021 ജൂണ്‍ 15നായിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കെയായിരുന്നു മരണം. തമിഴ് , തെലുഗു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  2015 ൽ ‘നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് നാടക രംഗത്തും സജീവമായിരുന്ന സഞ്ചാരി വിജയ്‍യ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

'തലേദണ്ഡ' എന്ന ചിത്രം പ്രവീണ്‍ കൃപാകറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ഹരി കാവ്യയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അശോക കശ്യപ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ബി എസ് കെമ്പരാജുവാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Read More : സൗദിയില്‍ ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമതെത്തി 'ഭീഷ്‍മ പര്‍വം', റെക്കോര്‍ഡ് കളക്ഷൻ

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ഭീഷ്‍മ പര്‍വ'മാണ്. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചത്. വളരെ വേഗം തന്നെ ചിത്രം 75 കോടി ക്ലബില്‍ ഇടം നേടുകയും. സൗദി അറേബ്യയില്‍ ചിത്രം റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്‍തിരുന്നു.

സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരിക്കുകയാണ് 'ഭീഷ്‍മ പര്‍വം'. 'ഭീഷ്‍മ പര്‍വം' ചിത്രത്തിന്റെ ജിസിസി വിതരണം സ്വന്തമാക്കിയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോഴുള്ള പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു 'ഭീഷ്‍മ പര്‍വം'. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ്  നിര്‍മാണം. എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം.  വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സ്റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് 'ഭീഷ്‍മ പര്‍വ'ത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വ'ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നതും.

ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമായ 'പുഴു'വെന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാനുള്ളത്. സെന്‍സറിംഗ് നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വേറിട്ട ഒരു കഥാപാത്രമാണ് 'പുഴു'വില്‍ മമ്മൂട്ടിയുടേത്. 'ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലിജോ പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും നിര്‍വഹിച്ചത് തേനി ഈശ്വര്‍ ആയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios