'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
സുബി സുരേഷിനെ കുറിച്ച് ലക്ഷ്‍മി പ്രിയയുടെ വാക്കുകള്‍- വീഡിയോ
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങള്‍ പലരും പ്രതികരിച്ചത്.
അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മള്‍ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളില്‍ ആരാധനയോടെ കണ്ട ആള്‍ക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയില്‍ വന്നിട്ട്. അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവര്‍ക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങള്‍ കാണും. ഒരു വര്‍ഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാര്‍ഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം.
സ്‍കൂള്‍ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ അനിവാര്യ സാന്നിദ്ധ്യമായിരുന്നു വര്‍ഷങ്ങള്‍ ഏറെയായി സുബി . യുട്യൂബ് ചാനലുമായും സുബി അടുത്തിടെ രംഗത്ത് എത്തിയിരുന്നു. നിരവധി ആരാധകരെ യൂട്യൂബ് ചാനലിലൂടെയും സ്വന്തമാക്കി സുബി സുരേഷ് കലാരംഗത്ത് നിറഞ്ഞുനില്‍ക്കുകയായിരുന്നു. നിരവധി വിജയ ചിത്രങ്ങളിലും സുബി സുരേഷ് മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
തൃപ്പൂണിത്തുറക്കാരിയാണ് സുബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‍കൂളില്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം എറണാകുളം സെന്റ് തെരേസാസിലായിരുന്നു. അംബികയും സുരേഷുമാണ് സുബിയുടെ മാതാപിതാക്കള്‍.
Read More: നടി സുബി സുരേഷ് അന്തരിച്ചു