ചാക്കോച്ചന് നൂറിൽ നൂറ്; '2018'ലൂടെ അപൂർവ്വനേട്ടം
ഇക്കഴിഞ്ഞ മാർച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രം 25 വർഷം പൂർത്തിയാക്കിയത്.
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരു കാലത്ത് ചോക്ലേറ്റ് ബോയ് ഇമേജിൽ തരംഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ ഇന്ന്, വ്യത്യസ്തതയാർന്ന വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കയാണ്. വർഷങ്ങളായി മലയാളികൾക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് മുന്നേറുന്ന കുഞ്ചാക്കോ ബോബൻ ഇതാ മലയാള സിനിമയിൽ ഇതുവരെ ആരും നേടാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
തന്റെ നൂറാം ചിത്രമായ ‘2018’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതാണ് ഈ അപൂർവ്വ നേട്ടം. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിച്ച കുഞ്ചാക്കോയുടെ നൂറാമത്തെ സിനിമയായിരുന്നു 2018. ചിത്രത്തിൽ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ അവതരിപ്പിച്ചത്. പ്രളയത്തിനിടെ തന്റെ കുടുംബത്തിന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കാൻ സാധിക്കാതെ ജോലിക്കായി നിയോഗിക്കപ്പെട്ട ഈ കഥാപാത്രത്തെ മനോഹരമായി ചാക്കോച്ചൻ അവതരിപ്പിച്ച് കയ്യടി നേടി.
ഇക്കഴിഞ്ഞ മാർച്ച് 26നാണ് ‘അനിയത്തിപ്രാവ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് 25 വർഷം പൂർത്തിയാക്കിയത്. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിൽ എത്തുന്നത്. കുഞ്ചാക്കോയുടെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 'ധന്യ' നിര്‍മിച്ചത്. ശേഷം ഫാസിൽ തന്നെ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബൻ നായകനിരയിലേക്ക് എത്തി. 'നിറം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ- ശാലിനി കെമിസ്‍ട്രി തിയറ്ററുകളില്‍ ട്രെൻഡ് സെറ്ററായി മാറി.
കുടുംബ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ തകർത്തഭിനയിച്ചുവെങ്കിലും ചോക്ലേറ്റ് ഹീറോ പരിവേഷം താരത്തെ വിടാതെ പിന്തുടർന്നു. പ്രിയയുമായി 2005ല്‍ വിവാഹിതനായ കുഞ്ചാക്കോ ബോബൻ, സിനിമയിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. 2006ല്‍ 'കിലുക്കം കിലു കിലുക്കം' എന്ന ചിത്രത്തിൽ ഇതിനിടയിൽ അഭിനയിച്ചുവെങ്കിലും 207ല്‍ താരം പൂർണമായി സിനിമയിൽ നിന്നും വിട്ടുനിന്നു. 2008ല്‍ ഷാഫിയുടെ ലോലിപോപ്പിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് ഇറങ്ങിയ 'എൽസമ്മ എന്ന ആൺകുട്ടി' നടന്റെ തിരിച്ചുവരവില്‍ ബ്രേക്കായി.
'ട്രാഫിക്ക്' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും വേറിട്ട വേഷം നല്‍കി. പിന്നാലെ സീനിയേഴ്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളും ഹിറ്റായതോടെ കുഞ്ചാക്കോ ബോബന്റെ സിനിമകൾ വീണ്ടും തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തി. എന്നാൽ പിന്നീട് മലയാളികൾ കണ്ടത് കുഞ്ചാക്കോ ബോബൻ എന്ന നടന്റെ വേറിട്ട വേഷങ്ങൾ. 'അഞ്ചാം പാതിര' ആയിരുന്നു തുടക്കമിട്ടത്. ക്രിമിനോളജിസ്റ്റിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ എത്തിയപ്പോൾ അത് മലയാളികൾക്കും കുഞ്ചാക്കോ എന്ന നടനും വേറിട്ട അനുഭവമായി മാറി. നായാട്ടിലും പടയിലും വേട്ടയിലും കുഞ്ചാക്കോ ബോബൻ പരിചിതമല്ലാത്ത കഥാപരിസരത്തിൽ അത്ര ശീലമില്ലാത്ത കഥാപാത്ര സൃഷ്ടിയിൽ മികവ് കാട്ടി.
സ്വയം നവീകരണത്തിന്റെയും സ്വയം പരീക്ഷണത്തിന്റേയും പരിശീലനക്കളരിയിൽ മികവ് കാട്ടിയ കുഞ്ചാക്കോയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇവയിൽ അവസാനത്തേത് ആയിരുന്നു 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ നിറഞ്ഞാടി. ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച് കൊണ്ട് കുഞ്ചാക്കോ മുന്നോട്ട്.
ഇവരുടെ വരവ് വെറുതെ അല്ല; സെയ്‍ഫ് ഗെയിമർ, നന്മമരം, ഗ്രൂപ്പ് കളിക്കാർ.. ജാഗ്രതൈ!