സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു; ബ്രേക്കിംഗ് ന്യൂസുമായി ജയസൂര്യ
ചിത്രം മെയ് 27ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂഥർ'(John Luther). ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് ജോസഫ് ആണ്. ചിത്രം മെയ് 27ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ റിലീസുമായി ബന്ധപ്പെട്ട് ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് ചുമതലയേല്‍ക്കും എന്ന് ബ്രേക്കിംഗ് ന്യൂസ് പോലെയുള്ള ചിത്രത്തിന്റെ പ്രമോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങി ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.
എന്താടാ സജി, ഈശോ, തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‍ത ചിത്രമാണ് ഈശോ. ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് എന്താടാ സജി. ഇതിൽ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്‍ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്, നിഖിലയുടേത് അറിവില്ലായ്മ: എം ടി രമേശ്
ഭക്ഷണത്തിനായി കൊല്ലുന്ന മൃഗങ്ങളില്‍ ഇളവ് പശുവിന് മാത്രം കിട്ടുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ(Nikhila Vimal) നടത്തിയ പരാമർശം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.
ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയതെന്ന് എം ടി. രമേശ് പറഞ്ഞു. ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പതിനഞ്ചുകാരിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുന്നില്ലെന്നും എംടി രമേശ് അറിയിച്ചു.
നിഖിലയുടെ പരാമർശത്തിന് പിന്നാലെ താരത്തിനെതിരെ വൻ സൈബർ ആക്രമണങ്ങളും ഉയർന്നിരുന്നു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചനലിലൂടെയാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്', എന്നാണ് നിഖില പറഞ്ഞത്.