'എന്തൊരു സിനിമ, എന്തൊരു പ്രകടനം': 'കാന്താര'യെ പ്രശംസിച്ച് ജയസൂര്യ
ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായ ‘വരാഹ രൂപം‘ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു.
തെന്നിന്ത്യൻ സിനിമാ ലോകത്തിപ്പോൾ 'കാന്താര'യാണ് ചർച്ചാ വിഷയം. വ്യത്യസ്തമായ കഥപറച്ചിൽ കൊണ്ട് തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് നടൻ ജയസൂര്യ.
'എന്തൊരു സിനിമ!!!!! എന്തൊരു പ്രകടനം!!!എന്തൊരു വിഷയം!!! നിങ്ങളുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു സഹോദരാ(റിഷഭ് ഷെട്ടി). മുഴുവൻ കന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്', എന്നാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് നായകനായി എത്തിയതും. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. ആദ്യദിനം മുതൽ ശ്രദ്ധനേടിയ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും മികച്ച പ്രതികരണം നേടി മുന്നേറുകയാണ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിൽ എത്തിച്ചത്.
'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായ ‘വരാഹ രൂപം‘ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയര്‍ന്ന ആരോപണം. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് തൈക്കുടം ബ്രിഡ്ജ്.