'ഏറ്റവും വലിയ പടം, ഹോളിവുഡ് ലെവലാണ്'; ചില്ലറക്കളിക്കല്ല എമ്പുരാൻ വരുന്നത്, സൂചനകളുമായി ഇന്ദ്രജിത്ത്
നിലവിൽ എഡിറ്റിംഗ് ടേബിളിൽ ഇരിക്കുന്ന എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ ലോകത്ത് സജീവമാണ്.
പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസിന് ചെയ്ത ചിത്രമാണ് ലൂസിഫർ. അതുവരെയുള്ള നടന്റെ കുപ്പായം മാറ്റിവച്ച് പൃഥ്വിരാജ് സംവിധായകന്റെ കസേരയിൽ ഇരുന്നപ്പോൾ പിറന്നത് ബ്ലോക് ബസ്റ്റർ ചിത്രമായിരുന്നു. ഒപ്പം മോഹൻലാൽ കൂടിയായപ്പോൾ പറയേണ്ടല്ലോ പൂരം. റിപ്പോർട്ടുകൾ പ്രകാരം 128 കോടി കളക്ഷൻ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമകയാണ് എമ്പുരാൻ. ചിത്രം അടുത്ത വർഷം തിയറ്ററിൽ എത്തും.
നിലവിൽ എഡിറ്റിംഗ് ടേബിളിൽ ഇരിക്കുന്ന എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ ലോകത്ത് സജീവമാണ്. വൻ പ്രതീക്ഷയും ആരാധകർ സിനിമയ്ക്കുമേൽ വച്ചിട്ടുമുണ്ട്. ഈ അവസരത്തിൽ എമ്പുരാനെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഗോവർദ്ധനൻ എന്ന കഥാപാത്രമായി ലൂസിഫറിൽ തിളങ്ങിയ ഇന്ദ്രജിത്ത് എമ്പുരാനിലും ഉണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
"മലയാള സിനിമയിൽ സ്കെയിലും ബഡ്ജറ്റും വച്ചൊക്കെ നോക്കുമ്പോൾ ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാൻ. ബജറ്റൊക്കെ ഒരു ഹോളിവുഡ് സിനിമയുടെ സ്റ്റാർഡേർഡിലാണ് ചെയ്തിരിക്കുന്നത്. ടെക്കിനിക്കൽ സൈഡും ഷൂട്ടിംഗ് രീതി, ലൊക്കേഷൻ തുടങ്ങി എല്ലാം അങ്ങനെ തന്നെ. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തു. ഗോവർദ്ധന് ഉറപ്പായും ഒരു പ്രാധാന്യം എമ്പുരാനിൽ ഉണ്ടാവും. ലൂസിഫറിൽ സത്യാന്വേഷണത്തിന്റെ ആളാണല്ലോ. എന്താണ് സത്യമെന്ന് അറിയാനുള്ള ഗോവർദ്ധന്റെ യാത്രകൾ എമ്പുരാനിലും ഉണ്ടാകും", എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഞാൻ കണ്ടതാ സാറേ എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.
അതേസമയം, എമ്പുരാൻ അടുത്ത വർഷം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. നിലവിലെ മലയാളം ബോക്സ് ഓഫീസിൽ റെക്കോർഡുകളെ മറികടക്കാൻ പോകുന്ന സിനിമയാകും ഇതെന്നാണ് വിലയിരുത്തലുകൾ. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമാണ പങ്കാളികളാണ്. ഏതാനും ദിവസങ്ങൾ മുൻപായിരുന്നു ചിത്രത്തിന് പാക്കപ്പായത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം