'കേന്ദ്രം നിരോധിക്കാത്തിടത്തോളം കേരള സ്റ്റോറി എല്ലാവരും കാണും, വിവാദങ്ങൾ പ്രേക്ഷകരെ സൃഷ്ടിക്കും'; പേരടി
കേരള സ്റ്റോറിയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്.
'ദി കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം സിനിമ എല്ലാവരും കാണുമെന്നും വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
"കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയിൽ എത്തും...എല്ലാവരും കാണും...ഈ വിവാദങ്ങൾ അതിന് കൂടുതൽ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്...സംവിധായകൻ ആഷിക്ക് അബുവിന്റെ വാക്കുകൾ ഇവിടെ പ്രസ്ക്തമാണ്..."ബോംബുകൾ ഉണ്ടാക്കുന്നതിനു പകരം അവർ സിനിമകൾ ഉണ്ടാക്കട്ടെ" ഒരു ജനാധിപത്യ രാഷ്‌ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ", എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
കേരള സ്റ്റോറിയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും പിണറായി വിജയൻ പറഞ്ഞു.
വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക അദാ ശര്‍മ്മയും രംഗത്തെത്തി. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് നടി പറഞ്ഞു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ടെന്നും നടി പറഞ്ഞു.