കാസ്റ്റിംഗ് കൗച്ച് തടഞ്ഞു, എനിക്ക് ആ സിനിമ നഷ്ടമായി, നിവിൻ ചേട്ടൻ ഇരയായതിൽ വിഷമം: ഗോകുൽ സുരേഷ്
അമ്മ സംഘടയിലെ കൂട്ട രാജിയെ കുറിച്ചും ഗോകുൽ പ്രതികരിച്ചു.
താൻ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്ന് നടൻ ഗോകുൽ സുരേഷ്. തക്കതായ രീതിയിൽ കാസ്റ്റിംഗ് കൗച്ച് നടത്തിയയാളെ കൈകാര്യം ചെയ്തുവെന്നും എന്നാൽ സിനിമ നഷ്ടമായെന്നും ഗോകുൽ പറഞ്ഞു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ഗോകുൽ പറയുന്നു. മലയാളത്തിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇവിടുത്തെക്കാൾ പത്തോ നൂറോ ഇരട്ടിയാണ് മറ്റ് ഇന്റസ്ട്രികളിൽ നടക്കുന്നതെന്നും ഗോകുൽ പറഞ്ഞു.
ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ
സ്ത്രീകൾ മാത്രമാണ് ചൂഷണങ്ങളിൽ അകപ്പെടുന്നതെന്ന് നമുക്ക് പറയാനാകില്ല. കാസ്റ്റിംഗ് കൗച്ചിനെ തടയുന്നൊരു നടന് ചിലപ്പോൾ സിനിമകൾ നഷ്ടപ്പെടാം. അതിന് സമാനമായൊരു അവസ്ഥയിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്. സിനിമയിൽ എന്റെ തുടക്കക്കാലത്ത് ആണത്. പക്ഷേ അതൊന്നും ചർച്ച ചെയ്യാൻ എനിക്ക് താല്പര്യമില്ല. കാസ്റ്റിംഗ് കൗച്ച് നടത്തിയ ആളെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. തക്കതായ രീതിയിൽ തന്നെ. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇത്തരമൊരു ദുഷ്പ്രവണത നടക്കുമ്പോൾ ഒരു സ്ത്രീയെ മാത്രമല്ല, എന്നെയും അത് ബാധിച്ചു.
സോഷ്യൽ മീഡിയ വിളമ്പുന്നത് മാത്രമെ സാധാരണക്കാരയ ജനങ്ങൾക്ക് മനസിലാകൂ. അതുകൊണ്ട് തന്നെ ഒരു ഇന്റസ്ട്രിയോടുള്ള അവരുടെ കാഴ്ചപ്പാടുകൾ മാറി മറിയാം. ആ ഘട്ടത്തിലാണ് നിവിൻ ചേട്ടനെതിരെ ആരോപണം ഉയരുന്നത്. അത് വ്യാജമാണെന്ന് പറയുന്ന അവസ്ഥയിലേക്കും എത്തിയിട്ടുണ്ട്. ഇതിലൂടെ ഒരു സ്ത്രീയെ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ ബാധിക്കുക എന്ന് ജനങ്ങൾക്ക് മനസിലായി കാണണം. പുരുഷനും സ്ത്രീയും ഇരകളാകുന്നുണ്ട്.
ഒരു സ്റ്റേജ് ഉള്ളപ്പോഴാണ് തുറന്നു പറയാൻ ആളുകൾ തയ്യാറാകുന്നത്. ഇരകളായതിലൂടെയാണ് അവർക്ക് ആ സ്റ്റേജ് ലഭിച്ചത്. അവിടെ നിന്നാണ് അവരിപ്പോൾ സംസാരിക്കുന്നത്. സത്യസന്ധമായ കേസുകളാണെങ്കിൽ ഇരകൾക്ക് ഒപ്പം തന്നെയാണ് നമ്മൾ നിൽക്കേണ്ടത്. പക്ഷേ നിവിൻ ചേട്ടനെ പോലെ നിരപരാധിയായിട്ടുള്ളവരെന്ന് ഞാൻ വിശ്വസിക്കുന്ന(മറ്റ് കാര്യങ്ങൾ കോടതിയും പൊലീസുമാണ് തീരുമാനിക്കുന്നത്), ഞാൻ ഹീറോ ആയി കാണുന്ന ഒരാൾ ഇരയായി എന്ന് അറിയുന്നതിൽ എനിക്ക് വിഷമമുണ്ട്. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്. നമുക്ക് വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായ കാര്യങ്ങൾ. അധികാരികളാണ് ഇവയ്ക്ക് മറുപടി നൽകേണ്ടത്. പൊലീസ് അല്ലെങ്കിൽ കോടതി. അല്ലെങ്കിൽ ആരാണോ ഒരാളെ ഇരയാക്കിയത് അവർ വന്ന് സത്യം പറയുക.
ഇരയായവർക്കുള്ള വലിയൊരു പിന്തുണയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെങ്കിൽ അത് ഇന്റസ്ട്രിയെ മോശമായി ബാധിക്കും. കുറച്ച് പേരുടെ ദുഷ്പ്രവൃത്തി കാരണം ഒരു ഇന്റസ്ട്രിയെ മൊത്തത്തിൽ അടച്ചാക്ഷേപിക്കാൻ പാടില്ല എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. മലയാളത്തിൽ മാത്രമല്ല ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇവിടുത്തെക്കാൾ പത്തോ നൂറോ ഇരട്ടിയാണ് മറ്റ് ഇന്റസ്ട്രികളിൽ നടക്കുന്നത്. അങ്ങനെയാണ് അറിയാനും കേൾക്കാനും സാധിക്കുന്നത്. സിനിമയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ നടക്കുന്നതും.
അമ്മ സംഘടയിലെ കൂട്ട രാജിയെ കുറിച്ചും ഗോകുൽ പ്രതികരിച്ചു. 'അമ്മയിലെ പുതിയൊരു അംഗമാണ് ഞാൻ. അതിന്റെ അധികാരികൾ ചെയ്തൊരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആളല്ല. അവർ അധികാരികളായി ഇരിക്കുന്നൊരു മേഖലയിലെ സഹപ്രവർത്തകർക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ, അധികാരത്തിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് തീരുമാനിച്ച് അവർ തന്നെ ഒഴിഞ്ഞതാണ്. അതൊരു നല്ല കാര്യമാണെന്ന് വേണമെങ്കിൽ കാണാം. അവരും മനുഷ്യരാണ്. വികാരങ്ങളും വിചാരങ്ങളും സ്വകാര്യതകളും ഉണ്ടാകും. അവരൊക്കെയാണ് ഞാൻ ഉൾപ്പെടുന്ന ഇൻസ്ട്രിയെ ക്രിയേറ്റ് ചെയ്ത ആൾക്കാർ', എന്നായിരുന്നു ഗോകുലിന്റെ വാക്കുകൾ. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ആയിരുന്നു ഗോകുലിന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..