പഠിപ്പിച്ച് തരാതെ തന്നെ പഠിക്കാനാവുന്ന യൂണിവേഴ്സിറ്റി, നന്ദി; മമ്മൂട്ടി പടത്തെ കുറിച്ച് ഗോകുൽ സുരേഷ്
ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. തമിഴകത്തിന്റെ പ്രിയ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം നായകനായി എത്തുന്നത് മമ്മൂട്ടിയും. ഏതാനും ദിവസങ്ങൾക്ക് പുറത്തുവന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് ഗേകുൽ സുരേഷ് ആണ്. ഇപ്പോഴിതാ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയെ കുറിച്ച് വാചാലനായിരിക്കുകയാണ് ഗോകുൽ. കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.
"ടീസറിലൊക്കെ അത്രയും പ്രാധാന്യം എനിക്ക് കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന് എല്ലാവരോടും അകമഴിഞ്ഞ നന്ദി. എന്നും ഓർമയിലിരിക്കുന്ന എക്സ്പീരിയൻസ് ആയിരുന്നു സിനിമ സമ്മാനിച്ചത്. മമ്മൂട്ടി അങ്കിളിന്റെ കൂടെ വർക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു. ഒന്നും പഠിപ്പിച്ച് തരാതെ തന്നെ നമുക്ക് പഠിക്കാനാവുന്ന യൂണിവേഴ്സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം. അതിലൊരുപാട് സന്തോഷം. ഫസ്റ്റ് ഹാഫ് വരെ പറഞ്ഞിട്ടുള്ള കഥാപാത്രം ആയിരുന്നു എന്റേത്. പിന്നീടത് കുറച്ച് സമയം കൂടി നീട്ടി. ഒരു പിങ്ക് പാത്തർ പോലൊരു സിനിമയാണ് ഡൊമനിക്", എന്നാണ് ഗോകുൽ സുരേഷ് പറഞ്ഞത്.
"ഗൗതം വാസുദേവൻ മേനോൻ സാറിന്റെ സിനിമകളെല്ലാം കണ്ട് ഫാൻ ആയിട്ടുള്ളവരാണ് ഞങ്ങളൊക്കെ. വാരണം ആയിരം, കാക്ക കാക്ക, വേട്ടയാട് വിളയാട് തുടങ്ങി നിരവധി പടങ്ങൾ കണ്ട് അദ്ദേഹത്തിന്റെ അടുത്തു നിന്നൊരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഫ്രെയിമിൽ വന്ന് അഭിനയിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്", എന്നും ഗോകുൽ കൂട്ടിച്ചേർത്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത് ചിത്രമായ ഡൊമനിക് ഉടൻ തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം