പ്രേമലു നേടിയത് 135 കോടി ! പടം ബ്ലോക് ബസ്റ്റർ, നിർമാതാക്കളുടെ ലാഭം പറഞ്ഞ് ദിലീഷ് പോത്തൻ
135 കോടിയാണ് പ്രേമലുവിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ.
ഇന്ന് പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരു വഴിത്തിരിവ് സമ്മാനിച്ച സിനിമയാണ് പ്രേമലു. സൂപ്പർതാരങ്ങളുടെ പിൻബലമില്ലാതെ എത്തിയ ഈ കൊച്ചു ചിത്രം ആയിരുന്നു 2024ലെ ഹിറ്റുകൾക്ക് തുടക്കമിട്ടത്. നസ്ലെനും മമിത ബൈജുവും പ്രധാന താരങ്ങളായി എത്തിയ ചിത്രം കേരളത്തിന് പുറമെ ഇതരഭാഷക്കാരെയും തിയറ്ററിലേക്ക് എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ബോക്സ് ഓഫീസിലും പ്രേമലു വെന്നിക്കൊടി പാറിച്ചു.
135 കോടിയാണ് പ്രേമലുവിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് ട്രാക്കർന്മാർ റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷനെ കുറിച്ച് പറയുകയാണ് പ്രേമലുവിന്റെ നിർമാതാക്കളിൽ ഒരാളും നടനുമായ ദിലീഷ് പോത്തൻ.
പ്രേമലുവിന്റെ കളക്ഷൻ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കുകളിൽ മാത്രമാണ്. ടാക്സ്, തിയറ്റർ ഷെയർ, വിതരണക്കാരുടെ ഷെയർ ഉൾപ്പടെയുള്ളവ പോയിട്ട് നിർമ്മാതാവിലേക്ക് എത്തുമ്പോൾ കോടികളൊക്കെ കണക്കാണ് എന്ന് ദിലീഷ് പോത്തൻ പറയുന്നു. കൗമദി മൂവീസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പ്രേമലുവിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏപ്രിലിൽ ആയിരുന്നു പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവര്‍ ആയിരുന്നു പ്രേമലുവിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിർമ്മിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..