വിദേശത്തെ മയക്കുമരുന്ന് കേസിൽ നിരപരാധി; നടി ക്രിസൻ പെരേര നാല് മാസത്തിന് ശേഷം മുബൈയില്‍ തിരിച്ചെത്തി

27 വയസുകാരിയായ ക്രിസന്‍ പെരേര ഏപ്രില്‍ ഒന്നിനാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Actor Chrisann Pereira reached back mumbai after four months as cleared the charges in drug case in UAE afe

മുംബൈ: മയക്കുമരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ കോടതി കുറ്റ വിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രി മുംബൈ വിമാനത്താവളത്തില്‍ എത്തിയ ക്രിസനെതിരായ എല്ലാ കേസുകളിലും അവര്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ യുഎഇ അധികൃതര്‍ യാത്രാ വിലക്ക് ഒഴിവാക്കിയിരുന്നു. മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസില്‍ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായകമായത്. മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗൂഢപദ്ധതിയനുസരിച്ചാണ് ക്രിസനെ കേസില്‍ കുടുക്കിയത്.

27 വയസുകാരിയായ ക്രിസന്‍ പെരേര ഏപ്രില്‍ ഒന്നിനാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ഷാര്‍ജ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ വേണ്ടി മുംബൈയിലുള്ള രണ്ട് പേര്‍ ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണിതെന്ന് അന്നുതന്നെ ക്രിസന്‍ പെരേരയുടെ അഭിഭാഷകര്‍ വെളിപ്പെടുത്തിയിരുന്നു. മൂന്ന് ആഴ്ചയില്‍ അധികം ജയിലില്‍ കഴിഞ്ഞ ശേഷം ഏപ്രില്‍ 28നാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവുമായിരുന്നില്ല. തുടര്‍ന്ന് യുഎഇയിലുള്ള ബന്ധുക്കള്‍ക്കൊപ്പം കഴിയുകയായിരുന്നു.

സഡക് 2, ബട്ല ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ക്രിസന്‍ പെരേര. ഒരു ഹോളിവുഡ് വെബ്‍സീരിസില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്‍താണ് ഓഡിഷനെന്ന പേരില്‍ രണ്ടംഗ സംഘമാണ് ക്രിസനോട് യുഎഇയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്. ഇതിനായുള്ള ടിക്കറ്റും മറ്റ് സംവിധാനങ്ങളും അവര്‍ തന്നെ ഒരുക്കി നല്‍കുകയും ചെയ്‍തു.  എന്നാല്‍ യാത്ര പുറപ്പെടും മുമ്പ് ക്രിസന് ഇവര്‍ നല്‍കിയ ഒരു ട്രോഫിയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നു. യുഎഇയില്‍ എത്തിയ ശേഷം ഈ ട്രോഫി മറ്റൊരാള്‍ക്ക് കൈമാറണമെന്ന് നടിയോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതില്‍ മയക്കുമരുന്ന് ഉണ്ടെന്ന വിവരം മറച്ചുവെച്ചു. വിമാനത്താവളത്തില്‍ വെച്ചു നടന്ന പരിശോധനയില്‍ ട്രോഫിക്കുള്ളില്‍ ലഹരി പദാര്‍ത്ഥം കണ്ടെത്തുകയും അവിടെ വെച്ച് തന്നെ അറസ്റ്റിലാവുകയും ചെയ്തു.

ക്രിസനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരും എത്തിയിരുന്നതുമില്ല. പിടിയിലായി കഴിഞ്ഞപ്പോഴാണ് തന്നെ കേസില്‍ കുരുക്കാന്‍ ബോധപൂര്‍വം തയ്യാറാക്കിയ പദ്ധതിയാണിതെന്ന് നടിക്ക് മനസിലായത്. ഷാര്‍ജ പ്രോസിക്യൂഷന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ നടിയുടെ വാദം ശരിയാണെന്ന് വ്യക്തമായി. വിമാനത്താവളത്തിലെ ക്യാമറ ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചിരുന്നു. തെളിവുകള്‍ നടിയുടെ വാദം ശരിവെയ്ക്കുന്നതായിരുന്നു. കസ്റ്റഡിയിലായിരുന്ന സമയത്ത് മൂത്രപരിശോധന നടത്തിയതിലും ലഹരി ഉപയോഗിച്ചതിന്റെ സൂചനകള്‍ ഒന്നുമുണ്ടായിരുന്നില്ല.

അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസുകളില്‍ നിന്ന് നടിയെ കുറ്റവിമുക്തയാക്കുകയായിരന്നു. യാത്രാ വിലക്കും നീക്കിയിട്ടുണ്ട്. കരിമ്പട്ടികയില്‍ നിന്നും ഇവരുടെ പേര്‍ ഒഴിവാക്കി. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് നടത്തിയ നടത്തിയ അന്വേഷണത്തില്‍ പോള്‍ ആന്തോണി,  ഇയാളുടെ സുഹൃത്തായ രവി എന്നറിയപ്പെടുന്ന രാജേഷ് ബൊബാതെ, മയക്കുമരുന്ന് കടത്തുകാരനായ ശാന്തിസിങ് രജ്പുത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷാര്‍ജയില്‍ വെബ്‍സീരിസിന്റെ ഓഡിഷനെന്ന പേരില്‍ ക്രിസന്‍ പെരേരയെ യുഎഇയിലേക്ക് അയച്ചതും മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കുടുക്കിയതും ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ക്രിസന്‍ പെരേരയെ കൂടാതെ മറ്റ് നാല് പേരെക്കൂടി ഇത്തരത്തില്‍ ഇവര്‍ ലഹരി മരുന്നുകളുമായി വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

Read also:  കളിക്കുന്നതിനിടെ കുട്ടി വാഷിംഗ് മെഷീന്‍റെ ഡ്രയറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍ !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios