'മമ്മൂക്ക, ഈ മണ്ണില്‍ ജനിച്ച ഏറ്റവും മികച്ച അഭിനേതാവ്'; 'റോഷാക്ക്' കണ്ട് അനൂപ് മേനോൻ
രണ്ട് ദിവസം മുമ്പ് ഒടിടിയിൽ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കൾ കൂടി അഭിനന്ദനങ്ങൾക്ക് അർഹമായിരിക്കുകയാണ്.
സമീപകാലത്ത് റിലീസ് ആയി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് മലയാളികൾക്ക് പുതിയൊരു അനുഭവമായി മാറി. രണ്ട് ദിവസം മുമ്പ് ഒടിടിയിൽ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കൾ കൂടി അഭിനന്ദനങ്ങൾക്ക് അർഹമായിരിക്കുകയാണ്. മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള അഭിനയ മികവ് വരെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ.
ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടിയെന്ന് അനൂപ് മേനോന്‍ പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു അനൂപിന്റെ പ്രതികരണം. "ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി..സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്‍റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍", എന്നാണ് അനൂപ് മേനോൻ കുറിച്ചത്.
പിന്നാലെ അനൂപിന്റെ വാക്കുകൾ ശരിവച്ച് സിനിമാസ്വാദകരും ആരാധകരും കമന്റുകളുമായി രംഗത്തെത്തി. "വാക്കുകൾക്ക് അതീതം... പഴകുംതോറും വീര്യമേറുന്ന acting.. One and only മമ്മൂക്ക, 71ലും അതിശയിപ്പിക്കുന്ന പ്രതിഭ", എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.
'71ൽ അഭിനയകലയെ പുനർനിർവചിക്കുന്ന മമ്മൂക്ക'; മമ്മൂട്ടി കളറാക്കിയ ലൂക്കും മൈക്കിളപ്പനും