വേദനയായി ആ ഇടവേളയിലെ ചിരി, അനിൽ നെടുമങ്ങാടിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളകൾക്കിടയിലുള്ള ചെറിയ ചില ചിരികൾ, അണിയറപ്രവർത്തകർ പങ്കുവയ്ക്കുമ്പോൾ, അത് സിനിമയെ സ്നേഹിച്ച പ്രേക്ഷകനിലും വേദനയായി ബാക്കിയാകുന്നു.
തിരുവനന്തപുരം: ''ഈ സ്റ്റേഷനില് താൻ..'', കോശി കുര്യന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാനവാക്ക് കയ്യിൽ നിന്ന് വഴുതിപ്പോയ എസ്ഐ സതീഷിനും കോശിക്കും പെട്ടെന്ന് ചിരി വരുന്നു. രണ്ടുപേരും തോളിൽ കൈ വച്ച് പൊട്ടിച്ചിരിക്കുമ്പോൾ ഷൂട്ടിന് ചെറിയ ഇടവേള. എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും ഇടയിൽ എസ്ഐ സതീഷിന് ചെറിയ ചിരി പൊട്ടുന്നുണ്ട്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളകൾക്കിടയിൽ ഉള്ള ഈ ചെറുചിരികൾ പങ്കുവച്ചത് ചിത്രത്തിന്‍റെ അണിയറക്കാർ തന്നെയാണ്.
സച്ചിയെന്ന സംവിധായകന്‍റെ പിറന്നാൾ ദിനത്തിൽ ഓർത്ത്, ''ഞാനും മരിയ്ക്കുംവരെ ഈ ചിത്രം കവർഫോട്ടോയായി ഇങ്ങനെ''.. എന്ന് ഫേസ്ബുക്കിൽ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അനിൽ നെടുമങ്ങാട് എഴുതിയപ്പോൾ അത് സത്യമാകുമെന്ന് ആര് കരുതി? വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങിപ്പോയത്. കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായ പാലാ സ്വദേശികളായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് ഓടിയെത്തി എട്ട് മിനിറ്റുകൊണ്ട് അനിലിനെ കരയ്ക്ക് എത്തിച്ചു. ഉടനടി ആശുപത്രിയിലേക്ക് അനിലിനെയും കൊണ്ട് കുതിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
തൊടുപുഴയിൽ ജോജു ജോർജ് നായകനായ 'പീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അനിൽ. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്.
തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടക്കും. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.
നാടകവേദി സിനിമയ്ക്ക് നൽകിയ പുതിയ തലമുറ അഭിനയപ്രതിഭകളിൽ ശ്രദ്ധേയനായിരുന്നു അനിൽ നെടുമങ്ങാട്. മുപ്പതോളം സിനിമകളിലേ വേഷമിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും ആസ്വാദകപ്രശംസ നേടി. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് അനിലിന്‍റെ വിയോഗം.