'ഇപ്പോൾ മകളെന്റെ അടുത്തുവരാറില്ല, ഉമ്മ വയ്ക്കാറില്ല'; ഒടുവില്‍ അഞ്ചുവര്‍ഷത്തിന് ശേഷം മുടി മുറിച്ച് അല്ലു അർജുൻ
1800 കോടി കളക്ഷൻ നേടാനുള്ള ഒരുക്കത്തിലാണ് പുഷ്പ 2.
ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് അല്ലു അർജുൻ സുപരിചിതനാകുന്നത്. സുകുമാർ- അല്ലു കൂട്ടുകെട്ടിലെത്തിയ ചിത്രം ഹിറ്റായതോടെ താരത്തിന്റെ മറ്റ് തെലുങ്ക് പടങ്ങളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് പുറത്തിറങ്ങാൻ തുടങ്ങി. ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറായി തിളങ്ങി നിൽക്കുന്ന അല്ലുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം പുഷ്പ 2 ആണ്. ഡിസംബർ ആദ്യവാരം റിലീസ് ചെയ്ത ചിത്രം നിലവിൽ ബോക്സ് ഓഫീസ് റെക്കോർഡുകളെ എല്ലാം മറികടന്നു കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി പുഷ്പ ഫ്രാഞ്ചൈസിയ്ക്ക് പുറകെ ആയിരുന്നു അല്ലു അർജുൻ. ഇതിന്റെ ഭാഗമായി മുടിയും താടിയും നീട്ടി വളർത്തുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ അഞ്ച് വർഷത്തിന് ശേഷം താടിയും മുടിയും മുറിച്ചിരിക്കുകയാണ് അല്ലു അർജുൻ. താരത്തിന്റെ പുത്തൻ ലുക്ക് ഉടൻ പുറത്തുവരുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
മകൾ അർഹയ്ക്ക് വേണ്ടിയാണ് അല്ലു ഇപ്പോൾ മുടിയും താടിയും മുറിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ മുംബൈയിൽ നടന്ന പുഷ്പ 2 പ്രമോഷനിൽ മകളെ കുറിച്ച് അല്ലു സംസാരിച്ചിരുന്നു. “എൻ്റെ മകൾ എൻ്റെ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നുണ്ട്. താടിയുള്ളതിനാൽ എനിക്ക് അവളെ ഉമ്മ വയ്ക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി അവളെ ഞാൻ ശരിക്കൊന്ന് ചുംബിച്ചിട്ട്. ക്ലീൻ ഷേവ് ചെയ്യാൻ പുഷ്പ അവസാനിക്കാൻ കാത്തിരിക്കുകയാണ് ഞാൻ", എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്.
'അമ്പോ..ഗുജറാത്തിയൊക്കെ പുഷ്പം പോലെയാണല്ലോ'; ഉണ്ണി മുകുന്ദന്റെ അഭിമുഖം കണ്ടമ്പരന്ന് മലയാളികൾ
അതേസമയം, പുഷ്പ 3 ഉണ്ടാകുമെന്ന് അടുത്തിടെ സംവിധായകൻ സുകുമാർ അറിയിച്ചിരുന്നു. പുഷ്പ 2ന്റെ ക്ലൈമാക്സിലും ഇക്കാര്യം വ്യക്തമായതാണ്. അല്ലു അർജുൻ മുടിയും താടിയും എടുത്തത് പ്രശ്നമാകുമോ എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്. എന്നാൽ പുഷ്പ 3 എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിനിടെ 1800 കോടി കളക്ഷൻ നേടാനുള്ള ഒരുക്കത്തിലാണ് പുഷ്പ 2.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..