അപൂര്‍വ്വ നേട്ടം! നാലാം വാരത്തിലെ സ്ക്രീന്‍ കൗണ്ട് പ്രഖ്യാപിച്ച് 'ഓസ്‍ലര്‍' നിര്‍മ്മാതാക്കള്‍
ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രം
വൈഡ് റിലീസിംഗിന്‍റെ ഇക്കാലത്ത് തിയറ്ററില്‍ എത്ര ദിവസം ഓടി എന്നതിനേക്കാള്‍ നേടുന്ന കളക്ഷനാണ് സിനിമാലോകം വിലയിരുത്തുന്നത്. ജയപരാജയങ്ങളുടെ അടിസ്ഥാനവും അത് തന്നെ. വൈഡ് റിലീസിന്‍റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുക ദുഷ്കരവുമാണ്. ലഭിക്കുന്ന പരമാവധി സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നതിനാല്‍ ആദ്യ രണ്ട് വാരങ്ങളോടെ ഭൂരിഭാഗം പ്രേക്ഷകരും സിനിമ കാണുകയും ചെയ്യും. അതിനാല്‍ത്തന്നെ മൂന്ന്, നാല് വാരങ്ങളിലൊക്കെ സ്ക്രീന്‍ കൗണ്ട് കാര്യമായി കുറഞ്ഞുവരാറാണ് പതിവ്. ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കുകയാണ് ജയറാം ടൈറ്റില്‍ കഥാപാത്രമായി എത്തിയ അബ്രഹാം ഓസ്‍ലര്‍.
ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് വാരം പിന്നിട്ട് നാലാം വാരത്തിലേക്ക് കടക്കുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള നാലാം വാര സ്ക്രീന്‍ കൗണ്ട് ആണ് ഓസ്‍ലറിന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 144 സ്ക്രീനുകളിലാണ് ഓസ്‍ലര്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ഇത് 157 സ്ക്രീനുകള്‍ ആയിരുന്നു. മൂന്നാം വാരത്തില്‍ നിന്ന് നാലാം വാരത്തിലേക്ക് എത്തുമ്പോള്‍ 13 സ്ക്രീനുകളില്‍ നിന്ന് മാത്രമാണ് ചിത്രം മാറിയിരിക്കുന്നത്. ഈ വാരാന്ത്യത്തിലും ചിത്രത്തിന് ഭേദപ്പെട്ട ഒക്കുപ്പന്‍സി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷനാണ് ഇത്. ഇത് യാഥാര്‍ഥ്യമെങ്കില്‍ നിര്‍മ്മാതാവിന് മികച്ച ലാഭം നേടിക്കൊടുത്ത ചിത്രമായി മാറിക്കഴിഞ്ഞു ഓസ്‍ലര്‍. 2022 ല്‍ പുറത്തെത്തിയ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ചിത്രമാണിത്. മമ്മൂട്ടിയുടെ അതിഥി വേഷവും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഘടകമാണ്.
ALSO READ : വേറിട്ട വഴിയേ 'എല്‍എല്‍ബി'; ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം