അന്ന് ദേശീയ അവാര്‍ഡ്, പക്ഷേ ബോക്സ് ഓഫീസ് ദുരന്തം; 1000 തിയറ്ററുകളില്‍ ലോകമെമ്പാടും നാളെ മുതല്‍ ആ കമല്‍ ചിത്രം
അന്ന് 25 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം
മുന്‍കാല സിനിമകളില്‍ ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയവയും ജനപ്രീതിയില്‍ കാലാതിവര്‍ത്തിയായ ചിത്രങ്ങളുമൊക്കെയാണ് സാധാരണയായി റീ റിലീസ് ചെയ്യപ്പെടാറ്. ടെലിവിഷനിലും മറ്റും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളാണെങ്കിലും അവ ബിഗ് സ്ക്രീനില്‍ കാണാത്ത ഒരു പുതിയ തലമുറ ഉണ്ടെന്നതാണ് നിര്‍മ്മാതാക്കളെ ഇതിന് പ്രേരിപ്പിക്കുന്ന ഘടകം. ഒപ്പം ചിത്രം അന്ന് തിയറ്ററുകളില്‍ കണ്ട പഴയ തലമുറ വീണ്ടും ഇത് കാണാന്‍ എത്തുമെന്ന പ്രതീക്ഷയും. എന്നാല്‍ റീ റിലീസ് ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ചില പരാജയ ചിത്രങ്ങളും നിര്‍മ്മാതാക്കള്‍ അത്തരത്തില്‍ പുതിയ ടെക്നോളജി കൂട്ടിയിണക്കി തിയറ്ററിലേക്ക് വീണ്ടും എത്തിച്ചുകതുടങ്ങി. രജനികാന്തിന്‍റെ ബാബ അത്തരത്തില്‍ ഒന്നായിരുന്നു.
റിലീസ് സമയത്ത് പരാജയം നേടിട്ട ചിത്രം സമീപകാലത്ത് വീണ്ടും തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് സമയത്ത് പരാജയം നേരിട്ട മറ്റൊരു ചിത്രവും റീ റിലീസ് ആയി എത്തുകയാണ്. കമല്‍ ഹാസന്‍ തിരക്കഥയെഴുതി, അദ്ദേഹം തന്നെ ഇരട്ടവേഷങ്ങളില്‍ എത്തിയ ചിത്രം ആളവന്താന്‍ ആണ് അത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 2001 ലാണ് തിയറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. അതേസമയം സ്പെഷല്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു.
25 കോടി ബജറ്റില്‍ ഒരുക്കിയിട്ട് റിലീസ് സമയത്ത് തന്‍റെ കൈപൊള്ളിച്ച ചിത്രം വലിയ പ്രതീക്ഷയോടെയാണ് നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു റീ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമാകമാനം ചിത്രം നാളെ (ഡിസംബര്‍ 8) എത്തും. സിംഗപ്പൂര്‍, ഗള്‍ഫി. യുകെ, കാനഡ, മലേഷ്യ, ശ്രീലങ്ക, ഓസ്ട്രേലിയ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചിത്രം എത്തുന്നുണ്ടെന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബാഷയും സ്ഫടികവുമൊക്കെ പോലെ റീ റിലീസില്‍ ആളവന്താനും തരംഗമാവുമോ എന്നറിയാന്‍ അല്‍പദിവസം കാത്തിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം