എത്തിയത് 55 മിനിറ്റ് കട്ടോടെ; ഇത് ഒറിജിനലിനേക്കാള്‍ ഗംഭീരം? 'ആളവന്താന്‍' റീ റിലീസ് പ്രതികരണങ്ങള്‍
ഇറങ്ങിയ സമയത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കാതിരുന്ന ചിത്രം
ഫിലിമില്‍ ഷൂട്ട് ചെയ്ത പഴയ ചിത്രങ്ങളുടെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ റീ റിലീസ് ഇന്ന് ട്രെന്‍ഡ് ആണ്. ഇറങ്ങിയകാലത്ത് ജനപ്രീതിയും സാമ്പത്തികവിജയവുമൊക്കെ നേടിയ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് സമയത്ത് ഫ്ലോപ്പ് ആയ ചിത്രങ്ങളും റീ റിലീസിന് എത്തുന്നുണ്ട് എന്നതാണ് കൗതുകം. ആ നിരയിലെ ഏറ്റവും പുതിയ റിലീസ് തമിഴില്‍ നിന്നാണ്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആളവന്താന്‍ ആണ് അത്. 2001 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ തിരക്കഥയും കമല്‍ ഹാസന്‍റേത് ആയിരുന്നു.
എന്നാല്‍ ഇറങ്ങിയ സമയത്ത് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല ഈ ചിത്രത്തിന്. 25 കോടി ബജറ്റ് ഉണ്ടായിരുന്ന ചിത്രം നിര്‍മ്മാതാവിന് നഷ്ടവുമായിരുന്നു. ഒരു പരാജയചിത്രം റീ റിലീസിന് എത്തുന്നുവെന്നത് പ്രഖ്യാപന സമയത്ത് സിനിമാലോകത്ത് അമ്പരപ്പ് ഉളവാക്കിയിരുന്നു. എന്നാല്‍ യുവതലമുറ സിനിമാപ്രേമികളെ ലക്ഷ്യം വച്ചുള്ള ആളവന്താന്‍റെ റീ റിലീസ് വിജയമായേക്കാമെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചന.
ചെന്നൈ സത്യം സിനിമാസില്‍ ഇന്നലെ നടന്ന സ്പെഷല്‍ സ്ക്രീനിംഗില്‍ നിന്നും അല്ലാതെയുള്ള ഷോകളില്‍ നിന്നുമുള്ള അഭിപ്രായപ്രകടനങ്ങള്‍ എക്സില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് മണിക്കൂറോളമായിരുന്നു ചിത്രത്തിന്‍റെ ഒറിജിനല്‍ പതിപ്പിന്‍റെ ദൈര്‍ഘ്യമെങ്കില്‍ 55 മിനിറ്റോളം കട്ട് ചെയ്ത് ആണ് റീമാസ്റ്റേര്‍ഡ് പതിപ്പ് എത്തിയിരിക്കുന്നത്. 123 മിനിറ്റ് മാത്രമാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ഈ എഡിറ്റ് ആസ്വാദനത്തെ മികച്ചതാക്കിയിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള കുറിക്കുന്നു. കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രമാണിതെന്നും കമല്‍ ഹാസന്‍ എന്ന നടനെക്കുറിച്ചുള്ള ബഹുമാനം വര്‍ധിച്ചെന്നും അദ്ദേഹം കുറിക്കുന്നു. കമലിന്‍റെ ഇരട്ട വേഷങ്ങളില്‍ നന്ദുവിനാണ് കൂടുതല്‍ കൈയടി ലഭിച്ചതെന്ന് മറ്റൊരു ട്രാക്കര്‍ ആയ രമേശ് ബാല കുറിക്കുന്നു.
ഈ കഥാപാത്രത്തിന്‍റെ ഓപണിംഗ് സീനിന് തിയറ്ററുകളില്‍ ലഭിക്കുന്ന കൈയടിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു റീ റിലീസ് ചിത്രമായി അനുഭവപ്പെടുന്നില്ലെന്നാണ് നിരവധി കമല്‍ ഹാസന്‍ ആരാധകര്‍ എക്സില്‍ കുറിക്കുന്നത്. കമലിന്‍റെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ കൈയടിയാണ് ലഭിക്കുന്നത്. ഒപ്പം റീമാസ്റ്ററിംഗ് മികവിനും ചിത്രം കൈയടി നേടുന്നുണ്ട്. പുതുകാലത്തെ തിയറ്റര്‍ അനുഭവമായി ചിത്രം അനുഭവപ്പെടുന്നുണ്ടെന്നാണ് ആദ്യദിന പ്രേക്ഷകരുടെ സാക്ഷ്യം.
ചിത്രം ബോക്സ് ഓഫീസില്‍ എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വി ക്രിയേഷന്‍സ് തന്നെയാണ് ചിത്രത്തിന്‍റെ റീ റിലീസിനും ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം