ഇടവേളയ്ക്ക് തൊട്ടുമുന്‍പ് എൻഡ് ക്രെഡിറ്റ്സ്! ഞെട്ടി ജനം, 'പുഷ്‍പ 2' രണ്ടാം പകുതി ആദ്യം പ്ലേ ചെയ്‍ത് തിയറ്റർ

വന്‍ വിജയമാണ് ചിത്രം നേടുന്നത്

a movie theatre in kochi screened pushpa second half without showing the first half allu arjun fahadh faasil

ഒരു സിനിമയുടെ രണ്ടാം പകുതിയാണ് ആദ്യ പകുതി എന്ന വിശ്വാസത്തില്‍ നിങ്ങള്‍ കാണുന്നതെങ്കിലോ? അതും ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന ഒരു ചിത്രമാണെങ്കിലോ? അത്തരം ഒരു ദുരനുഭവമാണ് ഒരു കൂട്ടം സിനിമാപ്രേമികള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായത്. മറ്റൊന്നുമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറുന്ന പുഷ്പ 2 പ്രദര്‍ശിപ്പിച്ച കൊച്ചിയിലെ തിയറ്ററിലാണ് ദൗര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടായത്.

കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടിപ്ലെക്സിലെ ഒരു സ്ക്രീനില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 ന്‍റെ ഷോയ്ക്കാണ് അബദ്ധം പിണഞ്ഞത്. സീക്വല്‍ ചിത്രം ആയതിനാലും ചിത്രം രണ്ടാം വട്ടം കാണുന്ന പ്രേക്ഷകര്‍ പ്രസ്തുത ഷോയ്ക്ക് ഇല്ലാതിരുന്നതിനാലും തിയറ്ററുകാരുടെ അബദ്ധം കാണികള്‍ തിരിച്ചറിഞ്ഞില്ല. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് എന്‍ഡ് ക്രെഡ‍ിറ്റ്സ് എഴുതിക്കാണിച്ചപ്പോഴാണ് തങ്ങള്‍ ഇതുവരെ കണ്ടത് ചിത്രത്തിന്‍റെ രണ്ടാം പകുതിയാണെന്ന് കാണികള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.

തങ്ങള്‍ക്ക് പണം തിരിച്ച് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ആദ്യ പകുതി കാണിക്കണമെന്നായിരുന്നു കാണികളില്‍ ഒരു വിഭാഗത്തിന്‍റെ ആവശ്യം. രാത്രി 9 മണിയോടെയാണ് ഇതേ ഷോയില്‍ ചിത്രത്തിന്‍റെ ആദ്യ പകുതി തിയറ്ററുകാര്‍ കാണിച്ചത്. എന്നാല്‍ ടിക്കറ്റ് എടുത്തവരില്‍ വലിയൊരു വിഭാഗം അത് കാണാന്‍ നില്‍ക്കാതെ മടങ്ങിയിരുന്നു. ഷോയ്ക്ക് എത്തിയവര്‍ക്ക് പണം തിരികെ നല്‍കുമെന്നാണ് സിനിപൊളിസ് അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പുഷ്പ 2. 2021 ല്‍ എത്തിയ ആദ്യ ഭാഗം നേടിയ അഭൂതപൂര്‍വ്വമായ വിജയം തന്നെ ഇതിന് കാരണം. ആദ്യ ഭാഗത്തെ അതിശയിക്കുന്ന വിജയമാണ് രണ്ടാം ഭാഗം നേടിക്കൊണ്ടിരിക്കുന്നത്. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios