ഹണി റോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ഐടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് ഹണി റോസ് കൊച്ചി പൊലീസിൽ പരാതി നൽകിയത്. പിന്നാലെ 30 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇവരുടെ കമന്റുകൾ സഹിതമായിരുന്നു നടി പരാതി നൽകിയത്. പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തുകയും ആദ്യ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഷാജിയെ വൈകാതെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തുടർ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കും.
കഴിഞ്ഞ ദിവസമാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ ആദ്യമായി ഹണി റോസ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രതികരണം. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നായിരുന്നു ഹണി റോസ് കുറിച്ചത്. ഈ വ്യക്തി ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്‍റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും ഹണി പറഞ്ഞു.
ഗോൾഡൻ ഗ്ലോബിൽ ഇന്ത്യയ്ക്ക് നിരാശ; 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് പുരസ്കാരം നഷ്ടമായി
വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും അതുതനിക്ക് പ്രതികരണശേഷി ഇല്ലാത്തത് കൊണ്ടല്ലെന്നും ഹണി റോസ് റോസ് കുറിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ ആയിരുന്നു സ്ത്രീവിരുദ്ധ കമന്‍റുകള്‍ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..