'ഹോമി'നും ഇന്ദ്രൻസിനും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും
മലയാളത്തില്‍ നിന്നുള്ള ദേശീയ അവാര്‍ഡ് ജേതാക്കളെ പേരെടുത്ത് പരാമര്‍ശിച്ചാണ് അഭിനന്ദനം.
അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും. ഇത്തവണ ദേശീയ അവാര്‍ഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്. മമ്മൂട്ടി ഓരോ സിനിമയെയും പരാമര്‍ശിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങള്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എത്തിയതില്‍ ആരാധകരും സന്തോഷം പ്രകടിപ്പിക്കുന്നു
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു. അല്ലു അര്‍ജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാല്‍ 'ആര്‍ആര്‍ആര്‍', 'റോക്കട്രി' പ്രവര്‍ത്തകരെയും സന്തോഷം അറിയിക്കുന്നു. ഏല്ലാ ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. 'ഹോം', 'നായാട്ട്', 'ചവിട്ട്', 'മൂന്നാം വളവ്', 'കണ്ടിട്ടുണ്ട്', 'ആവാസവ്യൂഹം' എന്നിവയുടെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു.
അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (ചിത്രം 'പുഷ്‍പ') ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം 'ഗംഗുഭായ് കത്തിയാവഡി') കൃതി സനോണും ('മിമി'). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് 'ഹോമി'ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി'നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് 'ഹോമി'നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് 'നായാട്ടി'ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം 'മേപ്പടിയാനി'ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.
ഐഎസ്‍ആര്‍ഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ 'റോക്കട്രി: ദ നമ്പി ഇഫക്ട്' അവാര്‍ഡ് പ്രവനചത്തില്‍ ഇടംപിടിച്ചതായിരുന്നു. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ മികച്ച ചിത്രമായ 'റോക്കട്രി: ദ നമ്പി ഇഫക്ട്' ഒരുക്കിയതും നായകനായതും ആര്‍ മാധവനായിരുന്നു. മികച്ച നടനുള്ള പുരസ്‍കാരത്തിനും മാധവന് പ്രതീക്ഷയുണ്ടായിരുന്നു. മികച്ച നടനുള്ള മത്സരത്തിന് പറഞ്ഞുകേട്ട ജോജു വേഷമിട്ട 'നായാട്ടി'ന് മറ്റൊരു പുരസ്‍കാരമാണ് ലഭിച്ചത്. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് ഷാഹി കബീര്‍ 'നായാട്ടി'ലൂടെ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥാകൃത്തുക്കളായി 'ഗംഗുഭായ് കത്തിയവഡി' എന്ന ചിത്രത്തിലൂടെ സഞ്‍ജയ് ലീല ഭൻസാലിയും ഉത്കര്‍ഷനി വസിഷ്‍തയും തെരഞ്ഞെടുക്കപ്പെട്ടു.
ഓസ്‍കര്‍ പുരസ്‍കാരം വരെ നേടിയ സംഗീതഞ്‍ജന്റെ 'നാട്ടു നാട്ടു' ഗാനം ദേശീയ തലത്തില്‍ ഒന്നാമത് എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരം കീരവാണിക്കാണ്. 'ആര്‍ആര്‍ആറി'ലെ 'കമൊരം ഭീമുഡോ' എന്ന ഗാനം ആലപിച്ച കാലഭൈരവ മികച്ച ഗായകനായപ്പോള്‍ ഗായിക ശ്രേയാ ഘോഷാലാണ്. 'പുഷ്‍പ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ദേവിശ്രീ പ്രസാദിന് പുരസ്‍കാരം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക