തലയെടുപ്പോടെ ഇന്ദ്രൻസ്, ദേശീയ ചലച്ചിത്ര അവാര്‍ഡിലെ 'ട്വിസ്റ്റ്'

പണ്ട് ബാലചന്ദ്ര മേനോൻ പറഞ്ഞുപോലെ സെമിഫൈനില്‍ തോറ്റ് ഫൈനലില്‍ ജയിച്ചിരിക്കുകയാണ് ഇന്ദ്രൻസും.

69th National Film Awards Indrans gets jurys special mention hrk

ചിലര്‍ക്കെങ്കിലും വെറും ചിരി മാത്രമായിരുന്നു സിനിമാക്കാഴ്‍ചകളില്‍ ഒരുകാലത്തെ ഇന്ദ്രന്‍സ്. പക്ഷേ, അത് ഇപ്പോള്‍ പഴങ്കഥ. പരിഹാസ രൂപത്തിലും പറച്ചിലുകളിലെ ഏറ്റക്കുറച്ചലുകളിലും മാത്രമായി ആ നടനെ വെള്ളിത്തിരയില്‍ സംവിധായകരും പ്രേക്ഷകരും കോര്‍ത്തിട്ട കാലത്തെ ഇന്ദ്രൻസ് തന്നെ പുതുകാലത്ത് ബോധപൂര്‍വമോ അല്ലാതെയോ മായ്‍ച്ചുകളഞ്ഞിരിക്കുന്നു. മികച്ച നടനായി മാത്രമേ ഇന്ദ്രൻസിനെ ഇപ്പോള്‍ കാണാനാകൂ. ആ മാറ്റം സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കുറച്ചധികം ആയെങ്കിലും സംസ്ഥാന അവാര്‍ഡിലേക്ക് എത്താൻ 2017 വരെയും ദേശീയ ജൂറിയുടെ നോട്ടത്തിലേക്ക് എത്താൻ 2023വരെയും കാത്തിരിക്കേണ്ടിവന്നുവെന്ന് മാത്രം. 'ആളൊരുക്കം' എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇവിടെ പരിഗണിക്കാതിരുന്ന 'ഹോമി'ലൂടെ ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു ഇന്ദ്രൻസ്.

'ഹോമി'ന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് ഇന്ദ്രൻസ് അന്ന് പ്രതികരിച്ചിരുന്നു. ജൂറി 'ഹോം' സിനിമ കണ്ടിട്ടുണ്ടാകില്ല. 'ഹൃദയം' മികച്ച സിനിമയാണ്, അതിനോടൊപ്പം ചേര്‍ത്തുവയ്‍ക്കണ്ടതാണ് 'ഹൃദയ'വും, അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തെ കണ്ടുവച്ചിട്ടുണ്ടാകാം എന്നുമായിരുന്നു അന്ന് ഇന്ദ്രൻസ് പ്രതികരിച്ചത്. പ്രപഞ്ചത്തില്‍ ഒരു സത്യമുണ്ട്, മനുഷ്യരല്ലേ അവാര്‍ഡ് കിട്ടുമ്പോള്‍ സന്തോം വരും, കിട്ടാത്തപ്പോള്‍ വിഷമം വരും എന്നാണ് ഇന്നിപ്പോള്‍ ഇന്ദ്രൻസ് പ്രതികരിച്ചിരിക്കുന്നത്. എന്നെക്കാള്‍ കഷ്‍ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവര്‍. അത് അംഗീകരിക്കാതെ പോയതില്‍ അന്ന് എല്ലാവര്‍ക്കും സങ്കടം ഉണ്ടായിരുന്നുവെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ട് എന്നും ഇന്ദ്രൻസ് പ്രതികരിച്ചിരിക്കുന്നു. പണ്ട് ബാലചന്ദ്ര മേനോൻ പറഞ്ഞുപോലെ സെമിഫൈനില്‍ തോറ്റ് ഫൈനലില്‍ ജയിച്ചുവെന്ന് പ്രേക്ഷകനും തോന്നിയേക്കും ഇന്ദ്രൻസിന് ലഭിച്ച അംഗീകാരത്തില്‍.

സാധാരണ പറയുന്നതുപോലെ, ഒരു സിനിമയില്‍ മാത്രം മുഖം കാണിച്ചവര്‍ പോലും വെള്ളിവെളിച്ചത്തില്‍ തിളങ്ങുമ്പോഴും അഭിനയത്തിന്റെ കുലപതികളായി നടിക്കുമ്പോഴും പ്രതിഭയുടെയും പ്രശസ്‍തിയുടെയും തലക്കനം ബാധിക്കാത്ത നടനാണ് ഇന്ദ്രൻസ് എന്നതും പ്രേക്ഷകര്‍ക്ക് ഈ അംഗീകാരം സ്വന്തമെന്ന പോലെയാണ്. നാലാം ക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂവെന്ന് തുറന്നുപറയുമ്പോഴും ജീവിതവും പരന്ന വായനയും നല്‍കിയ അറിവനുഭവങ്ങളാണ് തന്നിലെ നടനെ പാകപ്പെടുത്തിയെന്നാണ് ഇന്ദ്രൻസ് പറയാറുള്ളത്. നാട്യമല്ലാത്ത വിനയം മുഖമുദ്രയായ ഇന്ദ്രൻസ് സിനിമക്കാരനിലെ സാധാരണക്കാരനുമായിരുന്നു. പ്രേക്ഷകര്‍ക്ക് ഒപ്പംചേര്‍ന്നുനില്‍ക്കാൻ തോന്നുന്ന നടൻ. ആ തോന്നല്‍ ഉണ്ടാക്കുന്നതുതന്നെയാണ് ഇന്ദ്രൻസിന്റെ വേഷപ്പകര്‍ച്ചകളും. അത്രത്തോളം സ്വാഭാവികമെന്നു തോന്നുന്ന കഥാപാത്രങ്ങളെയാണ് ഇന്ദ്രൻസ് എന്ന നടനില്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കാണാനാകുന്നതും.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ദ്രൻസ് നാടകത്തെ ഒപ്പം കൂട്ടിയിരുന്നു. കുമാരപുരം സുരൻ എന്ന പേരില്‍ അമേച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പക്ഷേ തന്റെ രൂപം മികച്ച കഥാപാത്രങ്ങളെ ലഭിക്കാൻ തടസ്സമായിരുന്നു. പക്ഷേ അതേ രൂപം തന്നെയാണ് തനിക്ക് പിന്നീട് മേല്‍വിലാസമുണ്ടാക്കി തന്നതെന്നും ഇന്ദ്രൻസ് പറയും.

69th National Film Awards Indrans gets jurys special mention hrk

തയ്യല്‍ തൊഴിലാളിയായി ജീവിതം തുടങ്ങിയ കാലത്താണ് സിനിമാ ഭ്രമം കൂടുന്നത്. ഉച്ചയൂണ്‍ സമയത്ത് വിശ്രമമെടുക്കാതെ സിനിമാ കാണാൻ മുങ്ങുകയായിരുന്നുവെന്നാണ് ആ കാലത്തെ പിന്നീട് ഇന്ദ്രൻസ് അഭിമുഖങ്ങളില്‍ ഓര്‍മ്മിച്ചെടുക്കാറുള്ളത്. പിന്നീട് സിനിമയുടെ ഭാഗമായി മാറുന്നതിനു കാരണവും അതെ തയ്യല്‍ത്തൊഴില്‍ തന്നെയായിരുന്നു. ഇന്ദ്രൻസ് തന്നെ പറയുംപോലെ നടൻമാര്‍ക്ക് കുപ്പായം തുന്നിയായിരുന്നു സിനിമയിലെ തുടക്കം.  അന്ന് കെ സുരേന്ദ്രൻ എന്നായിരുന്നു പേര്. സി പി വിജയകുമാര്‍ സംവിധാനം ചെയ്‍ത 'സമ്മേളനം' എന്ന സിനിമയിലൂടെ സ്വതന്ത്രമായി വസ്‍ത്രാലങ്കാരം ചെയ്‍തു. വസ്‍ത്രലാങ്കാരത്തിലെ തിരക്കില്‍ നില്‍ക്കുമ്പോള്‍ തന്നെ ഇന്ദ്രൻസ് സിനിമയില്‍ മുഖം കാട്ടിത്തുടങ്ങുകയും ചെയ്‍തു. പിന്നീട് ചെറുതും വലുതുമായുള്ള ഒട്ടേറെ സിനിമകള്‍. പക്ഷേ അതില്‍ പലതും കുടക്കമ്പിയെന്നുള്ള പരിഹാസച്ചിരി സമ്മാനിക്കാൻ വേണ്ടിയുള്ള കഥാപാത്രങ്ങള്‍.

എന്നാല്‍ ഇന്ദ്രൻസിലെ മികച്ച നടനെ അധികകാലം കാണാതിരിക്കാൻ സംവിധായകര്‍ക്കാകുമായിരുന്നില്ല. എം പി സുകുമാരൻ നായരുടെ 'ശയന'ത്തിലും 'ദൃഷ്‍ടാന്ത'ത്തിലും ഒക്കെ അഭിനയിച്ചപ്പോള്‍ ഇന്ദ്രൻസിലെ മികച്ച നടനെ പ്രേക്ഷകര്‍ക്കൊപ്പം ചലച്ചിത്രലോകവും കണ്ടുതുടങ്ങി. അടൂര്‍ ഗോപാലകൃഷ്‍ണന്റെ 'ഒരു പെണ്ണും രണ്ടാണും' എന്ന സിനിമയിലെ കഥാപാത്രമായുള്ള ഇന്ദ്രൻസിന്റെ കയ്യൊതുക്കം കണ്ടപ്പോള്‍ സംവിധായകരും കഥാകൃത്തുക്കളും മാറിചിന്തിക്കാൻ തുടങ്ങി. ഇന്ദ്രൻസ് തന്നെ പറയുംപോലെ തനിക്കും ഇരിപ്പിടം കിട്ടിത്തുടങ്ങി. മനസ്സിലെ സ്വപ്‍ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ യാഥാര്‍ഥ്യമായി. 'അപ്പോത്തിക്കിരി'യിലെ ജോസഫ് ഒക്കെ ആയി ഇന്ദ്രൻസ് എത്തിയപ്പോള്‍ ചിരിയായിരുന്നില്ല നൊമ്പരമായിരുന്നു പ്രേക്ഷകരിലേക്ക് പടര്‍ന്നത്. ആ നൊമ്പരം പിന്നീട് 'മണ്‍റോതുരുത്തി'ലെ വീട്ടു കാരണവരിലേക്ക് എത്തുമ്പോള്‍ കലാകാരന് മാത്രം സാധ്യമാകുന്ന അസ്വസ്ഥപ്പെടുത്തുന്ന നീറ്റലുമായി മാറ്റിയെടുത്തു, ഇന്ദ്രൻസ്. 'പാതി'യിലെ തെയ്യം മുഖത്തെഴുത്തുകാരനും ആളൊരുക്കത്തിലെ തുള്ളല്‍കലാകാരനുമായി ഇന്ദ്രൻസ് നിറഞ്ഞാടിയപ്പോള്‍ സംസ്‍ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയും ആ പ്രകടന മികവിന് അംഗീകാരം നല്‍കി. പിന്നീടങ്ങോട്ട് ഇന്ദ്രൻസിനെ തേടിയെത്തിയ വേഷങ്ങളധികവും അത്തരത്തില്‍ കാമ്പുള്ളവയായി. ആ നിരയിലേക്കാണ് 'ഹോം' സിനിമയിലെ 'ഒലിവര്‍ ട്വിസ്റ്റും' ചേര്‍ന്നത്. പ്രേക്ഷകര്‍ അന്നേ തലകുലുക്കി അംഗീകരിച്ച കഥാപാത്രത്തെ സംസ്ഥാന അവാര്‍ഡ് ജൂറി കാണാതിരുന്നപ്പോള്‍ ഇന്ന് രാജ്യം പ്രത്യേക പരാമര്‍ശം നല്‍കി ആദരിച്ചിരിക്കുകയാണ്. 'ജലധാര പമ്പ്‍സെറ്റ് സിൻസ് 1962' സിനിമയാണ് ഇപ്പോള്‍ ഇന്ദ്രൻസ് പ്രധാന വേഷമിട്ടതില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Read More: മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios