Asianet News MalayalamAsianet News Malayalam

കൈത്താങ്ങായി മമ്മൂട്ടി; കെയര്‍ ആന്‍ഡ് ഷെയറിലൂടെ മഞ്ജിമയ്ക്ക് പുതുജന്മം

വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ

21 year old manjima got a heart surgery free of cost by mammottys care and share foundation
Author
First Published Sep 6, 2024, 5:11 PM IST | Last Updated Sep 6, 2024, 5:11 PM IST

ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന ഇരുപത്തൊന്നുകാരി മഞ്ജിമയുടെ ചികിത്സയ്ക്ക് ഒപ്പം നിന്ന് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മഞ്ജിമയുടെ ഹൃദയശസ്ത്രക്രിയ സൗജന്യമായി പൂര്‍ത്തീകരിച്ചത്. രാജഗിരി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. 

വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. കലശലായ ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഹൃദയത്തിന് തകരാറുളളതായി വ്യക്തമായത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. രാജഗിരിയിൽ നടത്തിയ ട്രാൻസ് ഈസോഫാഗൽ എക്കോ കാർഡിയോഗ്രാം പരിശോധനയിലും അതിനു ശേഷം നടത്തിയ കാത്ത് സ്റ്റഡിയിലും ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തിയിൽ ദ്വാരം (ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്) ഉണ്ടെന്ന് മനസ്സിലാക്കി. 3 സെൻ്റിമീറ്റർ വ്യാസമുളള ദ്വാരമാണ് കണ്ടെത്തിയത്. ചികിത്സ വൈകിപ്പിച്ചാൽ ശ്വാസകോശത്തിലെ സമ്മർദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താൻ ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ അടിയന്തിരമായി  ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തോമസിൻ്റെ ബന്ധു വഴി വിഷയം അറിഞ്ഞ ജോൺ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൌണ്ടേഷൻ്റെ ഹൃദ്യം പദ്ധതിയിൽ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നത്. തോമസിൻ്റെ അപേക്ഷയിൽ നിന്നും കുടുംബത്തിന്റെ അവസ്ഥയും മഞ്ജിമയുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹൃദ്യം പദ്ധതിയിൽ മഞ്ജിമയെ ഉൾപ്പെടുത്താൻ നടൻ മമ്മൂട്ടി നിർദ്ദേശം നൽകിയതോടെ ശസ്ത്രക്രിയക്കുളള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ശിവ് കെ നായറുടെ നേതൃത്വത്തിലുളള മെഡിക്കൽ സംഘമാണ് ശ്വാസകോശ സമ്മർദ്ദം നിയന്ത്രിച്ച് ദ്വാരമടച്ചത്. തുടർന്ന് ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്ന മഞ്ജിമയുടെ ശ്വാസകോശ സമ്മർദ്ദം സാധാരണ നിലയിൽ എത്തിയതോടെ റൂമിലേക്ക് മാറ്റി. മഞ്ജിമയുടെ ഉയർന്ന ശ്വാസകോശ സമ്മർദ്ദം നിയന്ത്രിച്ചു കൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ. ശിവ് കെ നായർ പറഞ്ഞു. കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. റിജു രാജസേനൻ നായർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മേരി സ്മിത തോമസ്, ഡോ. ഡിപിൻ, ഡോ. അക്ഷയ് നാരായൺ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൌജന്യമായി ചെയ്ത് നൽകിയത്. 2022 മേയിൽ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകൾ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികൾ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. രണ്ട് ആഴ്ചനീണ്ട ആശുപത്രി വാസത്തിനൊടുവിൽ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തിയാക്കണം, തുടർന്നും പഠിക്കണം. പുതു തീരുമാനങ്ങൾ ഹൃദയത്തിൽ ചേർത്താണ് മഞ്ജിമ ആശുപത്രി വിട്ടത്.

ALSO READ : ലൈഫ് ടൈം അവാര്‍ഡ് ഏറ്റുവാങ്ങി ജഗദീഷ്; ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ് വേദിയില്‍ നിറസാന്നിധ്യമായി സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios